ഒക്കനാഗൻ വേനൽ - ഡിബിൻ റോസ് ജേക്കബിന്റെ മനോഹരമായ യാത്ര വിവരണം -Part 4

By: 600072 On: Nov 16, 2021, 6:49 AM

എഴുതിയത്: ഡിബിൻ റോസ് ജേക്കബ്, ബ്രിട്ടീഷ് കൊളംബിയ

കെലോവ്ന, ബ്രിട്ടീഷ് കൊളംബിയ, കാനഡ.

മൂന്നാം ദിനം. മുറിയൊഴിഞ്ഞു.

7:45 am. ബീൻ സീൻ കോഫി ഷോപ്പ്. മീഡിയം ലാറ്റെ. 

പച്ചനിറമുള്ള വലിയ കപ്പിൽ കലാചാതുര്യമുള്ള കാപ്പി.

ആസ്വദിച്ചു കുടിച്ചു. തടാകതീരത്തേക്ക് നടന്നു. ഒരു ഭാഗത്ത് റോഡ് ബ്ളോക്ക് ചെയ്ത് ഞായറാഴ്‌ച ചന്തയ്ക്ക് വട്ടം കൂട്ടുന്നവർ. ബ്രേക്ക്ഫാസ്റ്റ് സാൻവിച്ച് വാങ്ങി മറീനയിലേക്ക് പോയി. ജലമർമരം കേട്ട്, കായൽപരപ്പിലേക്ക് നോക്കി ഏറെ നേരം; മാനം തെളിഞ്ഞിട്ടില്ല.

ഓളവും തീരവും:

10 am.

ബോട്ട് സവാരി ബുക്ക് ചെയ്തിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളിൽ തിരക്ക്. പലതരം തടാക യാത്ര. എന്റേത് ക്യാപ്റ്റൻഡ് ബോട്ട് ടൂർ.

ടിക്കറ്റ് കൗണ്ടറിലെ സുന്ദരിയായ പെൺകുട്ടി പണം വാങ്ങി ചില രേഖകളിൽ ഒപ്പിടാൻ പറഞ്ഞു. മുങ്ങിപ്പോയാൽ വേണ്ടപ്പെട്ടവരെ അറിയിക്കാനാണ്. അൽപനേരം കാത്തു നിന്നു.  ഷോർട്ട്സും ടീഷർട്ടും ധരിച്ച ഒരു പയ്യൻ എന്നെത്തേടി വന്നു, ബോട്ടിന്റെ ക്യാപ്റ്റൻ.

ആറു പേർക്ക് കയറാവുന്ന മുകൾ ഭാഗം തുറന്ന ബോട്ട്.

സേഫ്റ്റി വെസ്റ്റ് ധരിച്ചു. എന്നെക്കൂടാതെ രണ്ടു പേർ.

ഒരു കനേഡിയനും ഫിലിപ്പിനോ ഗേൾഫ്രൻഡും. പറഞ്ഞു വന്നപ്പോൾ എന്റെ അടുത്ത പ്രദേശക്കാരാണ്. ക്യാപ്റ്റൻ പയ്യൻ ചടുലമായ സംഗീതം പ്ളേ ചെയ്ത് ബോട്ടിനെ മെല്ലെ കായലിലേക്ക് ഇറക്കി.

അതിവേഗമില്ല, വേഗം വേണ്ടവർക്ക് മറ്റു മാർഗമുണ്ട്--സ്പീഡ് ബോട്ട്, വാട്ടർ സ്കൂട്ടർ,

പാരാ സെയിലിംഗ്. മേഘത്തിൽ ഒളിച്ച സൂര്യൻ തടാകത്തിന്റെ ശോഭ കുറയ്ക്കുന്നു. ഇന്നലത്തെ തിളക്കമില്ല, എങ്കിലും ആവേശം കുറയുന്നില്ല.

ഇളം തണുപ്പുള്ള കാറ്റ് വീശുന്നു. തടാകത്തിൽ തരംഗങ്ങളുണ്ട്. തിരമാല എന്ന് പറയാനാവില്ല. എന്നാൽ ഉള്ളുലയ്ക്കാൻ ഇത് ധാരാളം. അതിവേഗ ബോട്ടുകളുടെ ഓളത്തിൽ പെട്ട് യാനം ഉയർന്നു താഴുമ്പോൾ ഭയമുണ്ട്.

എതിരെയിരിക്കുന്ന വനിത കൂവി വിളിക്കുന്നു. ഞാൻ പേടി പുറത്തു കാണിക്കാതെ സൺഗ്ളാസ് മുഖത്തു വച്ചു. കാനോ തുഴഞ്ഞ് ഒരു പെൺകുട്ടി ഞങ്ങളെ കടന്നു പോയി. സ്പീഡ് ബോട്ടിനു പിന്നിൽ ഘടിപ്പിച്ച പാരഷൂട്ട് പോലുള്ള കനോപിയിൽ പാരാസെയിംലിംഗ് നടത്തുന്നവർ. ആകാശത്തങ്ങനെ ഉയർന്നു പറക്കുന്നു. തെല്ലകലെ തടാക പരപ്പിൽ പറക്കാനായുന്ന സീ പ്ളെയിൻ. ഹുങ്കാര ശബ്ദം മുഴങ്ങി. ഞങ്ങളുടെ ബോട്ട് നിശബ്ദമായി ചലനം തുടരുന്നു. ഗ്രാന്റ് കാന്യനേക്കാൾ ആഴമേറിയ ഒക്കനാഗൻ തടാകത്തിൽ, തിരയിൽ ചാഞ്ചാടി ഒരു മണിക്കൂറിനു ശേഷം തീരമണഞ്ഞു. ബോട്ടിന് ശബ്ദം ഇല്ലാതിരുന്നത്? പുതിയൊരു തരം എഞ്ചിൻ. It's crazy, right? ക്യാപ്റ്റന്റെ മറുപടി.

ഇരട്ട ലഹരി:

മറീനയോട്‌ ചേർന്ന ഇരിപ്പിടത്തിൽ ചാരിക്കിടന്നു.

ഇനി എങ്ങോട്ട് പോകും? ലാവൻഡർ-ഹെർബ് ഫാം തുറന്നിട്ടില്ല എന്ന് ഗൂഗിൾ. മറ്റൊരു വൈൻ ടൂർ? ആകാം.

നടന്നു പോകാവുന്ന ദൂരത്തിൽ ഒരു വൈനറിയുണ്ട്, പോയേക്കാം. അകത്തും പുറത്തും ആൽക്കഹോൾ കൊണ്ട് കോവിഡിനെ നേരിടാം. പോകുന്ന വഴിയിൽ ഒരു ബുക്ക് ഷോപ്പ്. കയറാതിരിക്കുന്നതെങ്ങനെ?

സാമാന്യം വലുതാണ്. പുസ്തക ശാലകളുടെ ഇടനാഴികൾ എന്നും പ്രിയമാണ്.  പകുതി വിലയ്ക്ക് രണ്ട് പുസ്തകങ്ങൾ. രമിത് സേതിയുടെ 'I can teach you to be rich' ഇനി ഇതിന്റെയൊരു കുറവ് വേണ്ട. കാൾ ന്യൂപോർട്ടിന്റ 'Be so good that they can't ignore you.' പറയുന്നതിൽ കാര്യമുണ്ട്.

വീണ്ടും നടപ്പാതയിൽ. തെരുവിൽ ഞായറാഴ്ചയുടെ ആലസ്യം കാണുന്നില്ല.

നിരത്തിൽ നിരവധി വാഹനങ്ങൾ. ഭക്ഷ്യശാലകളിൽ തിരക്ക്.

വിനോദ സഞ്ചാരം തിരിച്ചു വരുന്നു. ട്രാഫിക് സിഗ്നലിന് അരികിൽ ശീതളഛായയിൽ ഒരു കോഫി ഷോപ്പ്. പൾപ്പ് ഫിക്ഷൻ--പഴയ സിനിമകളുടെ പോസ്റ്ററൊട്ടിച്ച പുറംഭാഗം. കയറാൻ നേരമില്ല.

12:10 pm. നിക്കോ ബാംബിനോ വൈനറി. വൈൻ ടേസ്റ്റിംഗ് രണ്ടാം ദിനം.

മോഡേൺ ഇന്റീരിയർ. അകത്ത് സമൃദ്ധമായി വളരുന്ന ചെടികൾ. നിരന്നിരിക്കുന്ന വീഞ്ഞ് വീപ്പകൾ. ഉദ്പാദനമില്ല, വിൽപന മാത്രം. ഈ ബ്രാൻഡ് മുമ്പ് കണ്ടിട്ടില്ല. പ്രത്യേകം തെരഞ്ഞെടുത്ത ഔട്ട് ലെറ്റ് വഴി മാത്രമാണ് കച്ചവടം.

പതിവുപോലെ ഒരു പെൺകുട്ടി എന്നെ സ്വാഗതം ചെയ്തു. ക്യുബക് സ്വദേശിയാണ്. ടേസ്റ്റിംഗിന് 15 ഡോളർ. വൈൻ വാങ്ങിയാൽ ആ പണം ഇളവ്. അഞ്ചു തരം വീഞ്ഞ് തെരഞ്ഞെടുക്കാം. മൂന്ന് വൈറ്റ്, രണ്ടു റെഡ്. ഇതിൽ മൂന്നും എനിക്ക് പുതുതാണ്. വില കൂടിയ ഐറ്റം. ലഘു വിവരണത്തോടെ ഗ്ളാസ് നിറഞ്ഞു, ഒഴിഞ്ഞു -ഫ്ളവറി, ഫ്രൂട്ടി ഫിനിഷ്. വരണ്ടതും മൃദുലവും, മെർല, പിനോ ഗ്രിഷിയോ, വിയോണിയെ.

ടേസ്റ്റിംഗ് അവസാനിച്ചു. ഒരെണ്ണം വാങ്ങിയേക്കാം. 

ഏറ്റവും കുറഞ്ഞത് 25 ഡോളർ. Viognier white wine.

രുചിയറിയാൻ ഒരൽപം അവൾ ഗ്ളാസിൽ ഒഴിച്ചു.

Smooth, subtle and sweet with notes of peach.

ഉറപ്പിച്ചു, കുപ്പി ബാഗിലാക്കി നടത്തം തുടർന്നു.

12 പേർ ഒരുമിച്ചു ചവിട്ടുന്ന ഒരു സൈക്കിൾ എതിരെ വരുന്നു.

അടുത്തു വന്നപ്പോൾ ഒരു ട്രോളിയാണ്. സൈക്കിൾ പെഡലുണ്ട്.

ചവിട്ടുന്നത് സഞ്ചാരികൾ. Smile cycle tour.

പബ്ബുകളിൽ നിന്ന് പബ്ബുകളിലേക്ക്.

Subliminal art: 

1 pm, ഹാംബിൾട്ടൺ ഗാലറി.

കൾച്ചറൽ ഡിസ്ട്രിക്ടിലെ പാതയോരത്ത് നിറയെ സ്റ്റുഡിയോകളും ആർട്ട് ഗാലറികളുമുണ്ട്. അതിലൊന്നാണ് ഈ കലാകേദാരം.

ഒരു യുവതിയാണ് കെയർ ടേക്കർ. മറ്റാരും അവിടെയില്ല. അവളും ചിത്രകാരിയാണ്, പക്ഷേ ഈ ചിത്രങ്ങൾ വരച്ചത് അവളല്ല.

സാമാന്യം വിശാലമായ ഗാലറി. വരകളുടേയും വർണങ്ങളുടെയും മാന്ത്രികത നിറഞ്ഞ കാൻവാസുകൾ ചുവരിൽ ചേർത്തു വച്ചിരിക്കുന്നു. താരതമ്യേന പുതിയ പെയിന്റിങ്ങുകൾ. നിറങ്ങളുടെ ഗന്ധം വായുവിൽ തങ്ങി നിൽക്കുന്നു. കെലോവ്നയുടെ പ്രകൃതി ഭംഗിയാണ് ചിത്രങ്ങൾക്ക് വിഷയം. തടാകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന മുന്തിരിത്തോപ്പുകൾ, പഴകിയ മരം വീണ തടാകതീരം, ചുറ്റിനും പൂക്കൾ വിടർന്ന ഗ്രാമ്യ ഹർമ്യങ്ങൾ, വിളഞ്ഞു നിൽക്കുന്ന പാടം. ഒരു വയലറ്റ് പൂവിന്റെ വിശദാംശങ്ങൾ അതീവ ഹൃദ്യമായി തോന്നി.

പൂവിന്റെ ആന്തരികയിലേക്ക് സഞ്ചരിച്ച ചിത്രകാരി. പേരറിയാത്ത അവരോട് ഈ നിമിഷം ആരാധന. 3000 ഡോളർ വിലയുള്ള ഒരു ചിത്രം തവണ വ്യവസ്ഥയിൽ ലഭ്യമാണ്. മാസം 70 ഡോളർ- EMI for the painting, പുതിയ അറിവാണ്. വേറിട്ട ഒരു ചിത്രം കണ്ടു-അബ്സ്ട്രാക്ട്. അമേരിക്കൻ ജീനിയസ് പെയിന്റർ ജാക്സൻ പോളക്കിന്റെ (1912-56) രീതിയെ ഓർമിപ്പിച്ചു. ഒറ്റ നോട്ടത്തിൽ നിറങ്ങൾ

ഒരു നിശ്ചയവുമില്ലാതെ കോരിയൊഴിച്ചു എന്ന് തോന്നാവുന്ന വിധം വരയും കുറിയും. എന്നാൽ അവ മനസ്സിന്റെ ആഴത്തിലേക്ക് തുറന്ന ജാലകം.

നെറ്റ്ഫ്ളിക്സിൽ ഒരു സീരീസുണ്ട് (The Code)-ഗണിതവും ലോകവും ജീവിതവും വേർപെടുത്താനാകാത്ത വിധം ഇടകലർന്നിരിക്കുന്നു.

എന്തിനും ഒരു കണക്കുണ്ട്. There is an underlying code behind evrything.

പോളക്കിന്റെ പെയിന്റിങ്ങിലുമുണ്ട് ഗണിതത്തിന്റെ അസാമാന്യ വൈഭവം.

പക്ഷേ അയാൾ ഒരു ഗണിതജ്ഞൻ ആയിരുന്നില്ല. കണക്കു കൂട്ടിയല്ല ചിത്രം വരച്ചത്,

എന്നാൽ ഈ ചിട്ട എവിടെ നിന്നു വന്നു? മഹനീയ സൃഷ്ടി നടക്കുന്നത്

അബോധ തലത്തിലാണ്. പുറത്തിറങ്ങുമ്പോൾ കെയർടേക്കർക്ക് നന്ദി പറഞ്ഞു.

'Paintings are excellent! Made my day.'

അവൾ എന്നോടും നന്ദി ചൊല്ലി-

'We all need a little pat on the back these days.'

പാതയോരത്ത് മറ്റൊരു ആർട്ട് ഗാലറി.

വാതിൽക്കൽ നിന്ന ഉടമ പുഞ്ചിരിച്ച് അകത്തേക്ക് വിളിച്ചു കയറ്റി.

ചിത്രകാരനാണ്. പൂച്ചകളാണ് ചിത്രങ്ങൾക്ക് വിഷയം.

മനുഷ്യനെ പോലെ ജീവിക്കുന്ന പൂച്ചകൾ. സൂപ്പർമാൻ മുതൽ ധ്യാനഗുരു വരെ.

പൂച്ചകൾ മദിച്ചു വാണിരുന്ന ഒരു വീട് എനിക്കുണ്ടായിരുന്നു.

3000 ഡോളർ വിലയുള്ള പെയിന്റിങ്ങ് നോക്കുന്നോ? ലോകത്ത് എവിടെയും എത്തിച്ചു തരാം-അയാൾ പറഞ്ഞു. 'ഞാൻ വാടക വീട്ടിലാണ്. വീട് വാങ്ങുമ്പോൾ നല്ല പെയിന്റിങ്ങ് വേണമെന്നുണ്ട്, അപ്പോൾ നോക്കാം.'

ഇപ്പോൾ വാങ്ങുന്നത് നല്ലൊരു നിക്ഷേപമാണ് -അയാൾ വിടുന്ന മട്ടില്ല.

'3000 ഡോളറിന് ഞാൻ വിറ്റ ചിത്രങ്ങൾ മൂന്നു വർഷം കൊണ്ട് 25000 ഡോളർ വരെ വില കയറിയിട്ടുണ്ട്.' ശരിയാകാം, നന്നായി മാർക്കറ്റ് ചെയ്താൽ പെയിന്റിങ്ങുകൾക്ക് വലിയ വിപണിയുണ്ട്. ബിസിനസ് കാർഡ് വാങ്ങി ഞാൻ നടന്നു.

 

കലാശത്തിന്റെ ആരംഭം:

2:45 pm. ഉച്ചഭക്ഷണം കഴിഞ്ഞു.

സിറ്റി പാർക്കിലെ മരങ്ങളുടെ ഇടയിൽ നടന്ന് ഒരു ബഞ്ചിൽ ചാരി തടാകം നോക്കിയിരുന്നു. നടപ്പാതയിൽ സഞ്ചാരികളുടെ പ്രവാഹം. എന്റെ യാത്ര അവസാനിച്ചിരിക്കുന്നു. ഇന്ന് നഗരം വിടുകയാണ്. വൈകിട്ട് 5:45-നാണ് വാൻകൂവറിലേക്കുള്ള E-bus, ഇവിടെ നിന്ന് അര മണിക്കൂർ യാത്രയുണ്ട് സ്റ്റോപിലേക്ക്. റിസ്കെടുക്കുന്നില്ല, നേരത്തെ പോകണം.

എഡ്മൻഡനിലെ സുഹൃത്ത് ലിജോയുടെ സന്ദേശം വന്നു.

ഈ മൂന്നു ദിവസവും ഫോൺ സംഭാഷണങ്ങളിൽ യാത്രയെ വിവരിച്ചിരുന്നു.

I like to describe what I love most. കേൾക്കാൻ ഒരാളുള്ളത് അനുഗ്രഹമാണ്.

'കലാശക്കൊട്ടില്ലേ?' അവൻ ചോദിച്ചു. കൊട്ട് കഴിഞ്ഞു, ഇനി വിശ്രമം.

പക്ഷേ യഥാർത്ഥ കലാശം വരുന്നുണ്ടായിരുന്നു.

വേദനിക്കുന്ന കാലുമായി വിസിറ്റർ സെന്ററിലേക്ക്.

ഇന്ന് നടന്ന ദൂരം 8 കിലോമീറ്റർ. മൂന്നു പകൽ കൊണ്ട് 38 കിലോമീറ്റർ.

I must congratulate myself!

കൊള്ളാവുന്ന ഒരു സുവനീർ തപ്പി കുറേ നേരം പോയി.

അവസാനം ഒരു ബേസ് ബോൾ ഹാറ്റ്.

കെലോവ്നയെ വിട്ടു പോകാൻ തോന്നുന്നില്ല. സംഗീതം മുഴങ്ങുന്ന പകൽ, കൺട്രി മ്യൂസിക്ക്. ഒരു യുവാവ് കമ്പി വീണ മീട്ടുന്നു,

കാലു കൊണ്ട് മറ്റൊരു ഉപകരണത്തിൽ താളം പിടിക്കുന്നു. ഐറിഷ് ടാപ്പ് ഡാൻസ് പോലെ.

കലാശക്കൊട്ട്:

നാലു മണിയുടെ വണ്ടി വിട്ടു പോയി. എനിക്ക് പോകേണ്ടത് പടിഞ്ഞാറൻ തീരത്താണ്, അവിടെ നിന്നും വാൻകൂവർ കണക്ഷൻ.

വെസ്റ്റ് ബാങ്ക് എന്ന് സ്ഥലനാമം തെളിഞ്ഞ നാലരയുടെ ബസിൽ കയറി. അലസമായി പുറത്ത് നോക്കിയിരുന്നു, അരമണിക്കൂർ കഴിഞ്ഞു. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ കെലോവ്ന ക്യാംപസിനു മുന്നിൽ വണ്ടി നിന്നു. എന്തോ പന്തികേട് തോന്നി. അരമണിക്കൂർ കൊണ്ട് എത്തേണ്ടിടത്ത് എത്തിയില്ല. ഡ്രൈവവറോട് ചോദിച്ചു-

ഇനി ഒരു മണിക്കൂർ പോകണമത്രേ!

യെന്ത്? ഇപ്പോൾ 5 മണി, എന്റെ ബസ് 5:45-ന്.

ഇതോടിയെത്തുമ്പോ അത് പോകും. I have no idea where I am!

ഡ്രൈവർ ഒരു മുരടനാണ്. അയാളിൽ നിന്ന് ഒരു വിവരവും ഇനി കിട്ടില്ല.

വണ്ടി നീങ്ങിയപ്പോൾ അപ്പുറത്തിരുന്ന ഒരു യുവാവിനോട് ചോദിച്ചു.

ബസിൽ പോയാൽ ഒരു മണിക്കൂറിൽ കുറയാത്ത യാത്രയുണ്ട്.

ടാക്‌സി കിട്ടുമോ? കിട്ടും. തീരുമാനം പെട്ടെന്ന് എടുക്കണം.

Game on! അടുത്ത സ്റ്റോപ്പിൽ ചാടിയിറങ്ങി.

ആദ്യം കണ്ട പഞ്ചാബി പയ്യൻ ടാക്‌സി ക്യാബ് നമ്പർ ഓൺലൈനിലുണ്ട് എന്നറിയിച്ചു, കസ്റ്റമർ കെയറിലെ പെൺകുട്ടിക്ക് ഞാൻ നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുക്കാൻ പാടുപെട്ടു. അവസാനം ഒരു സൂപ്പർ സ്റ്റോർ ലാൻഡ് മാർക്ക്. ആദ്യം വന്ന ടാക്‌സി എന്റേതല്ല.

5:25 pm. എനിക്കുള്ള ക്യാബ് വന്നു.

ഉത്തരേന്ത്യൻ ഡ്രൈവർ, 20 മിനിറ്റ് യാത്ര.

സമയത്തിനെത്തുമെന്ന് യാതൊരു ഉറപ്പുമില്ല, എങ്കിലും ശ്രമിക്കാം.

ട്രാഫിക് കുറവാണ്, അത് ഭാഗ്യം. തടാകത്തിന്റെ കിഴക്കൻ-പടിഞ്ഞാറൻ

തീരങ്ങളെ ബന്ധിപ്പിക്കുന്ന പാലം കടന്നപ്പോൾ നേരത്തെ ചെയ്ത അബദ്ധം മനസ്സിലായി. നാലരയുടെ ബസിൽ പോയത് നേരെ എതിർ ദിശയിലാണ്.

ഗൂഗിൾ മാപ്പ് നിർദ്ദേശിച്ച കൃത്യമായ സ്റ്റോപ്പിൽ നിന്നല്ല ഞാൻ കയറിയത്.

ഒരേ നമ്പറുള്ള രണ്ട് സ്റ്റോപ് ഉണ്ടായിരുന്നു.

ഭേഷ്! ഇനിയത് പറഞ്ഞിട്ടെന്ത്? കാർ ഇപ്പോൾ തടാകത്തിന്റെ മറുകരയിൽ.

ഇ-ബസ് കസ്റ്റമർ സർവീസിൽ വിളിച്ചു. ഇതാണ് അവസ്ഥ, ബസ് അഞ്ച് മിനിറ്റ് നിർത്താൻ പറ്റുമോ? പറ്റില്ല. വാൻകൂവർ എയർപോർട്ടിലേക്ക്

പോകുന്ന യാത്രികരുണ്ട്. അവരുടെ സമയത്തിന് വിലയുണ്ട്.

ഇവിടെയൊക്കെ കൃത്യസമയം പറഞ്ഞാൽ പറഞ്ഞതാണ്, ആർക്കു വേണ്ടിയും

കാത്തു നിൽക്കാറില്ല. പരമാവധി ശ്രമിക്കൂ എന്ന് പറയുന്നു അയാൾ-ശ്രമിക്കുകയാണ്. ഇന്നിനി വേറെ വണ്ടിയില്ല. ഹോട്ടൽ മുറി കിട്ടുമോ എന്നുറപ്പില്ല.

കിട്ടിയാൽ കാശ് പിന്നെയും പൊട്ടും, കിട്ടിയില്ലെങ്കിൽ പെരുവഴിയിൽ.

ധനനഷ്ടം, മാനഹാനി. ബസും ബോട്ടും ട്രെയിനും പ്ളെയിനും വിട്ടു പോകുന്ന ആദ്യത്തെ സഞ്ചാരിയല്ല ഞാൻ. പക്ഷേ ഈ സുരഭിലയാത്ര ഇങ്ങനെ അവസാനിക്കുന്നത് എന്തൊരു കഷ്ടമാണ്.

ഭായ് വേഗം! സൗമ്യനായ ഡ്രൈവർ പോകാവുന്നതിന്റെ പരമാവധിയിൽ പോകുന്നുണ്ട്. അതിലപ്പുറം എന്തുചെയ്യാൻ?

ഭാഗ്യം! സിഗ്നൽ എല്ലാം പച്ച. കാർ ഹൈവേയിൽ നൂറേ നൂറിൽ പറക്കുന്നു.

സമയം 5:45 pm. വണ്ടി വിടുന്ന സമയം.

ഇനിയും രണ്ട് കിലോമീറ്റർ. ഏകദേശം തീരുമാനമായി.

പക്ഷേ അവസാന നിമിഷം വരെ പൊരുതും. വേഗത കുറയുന്നില്ല.

This game is going to the wire. കാർ ഹൈവേ വിട്ട് ഇടറോഡിൽ കയറി.

ഒരു വളവ് തിരിയുമ്പോൾ ബസ് വന്നു കിടക്കുന്നു. ടാക്സിയിലെ പ്ളെക്സി ഗ്ളാസ് ബാരിയറിന് ഇടയിലൂടെ ഡെബിറ്റ് കാർഡ് വഴി പണം കൊടുത്ത്, നന്ദി പറഞ്ഞ് ബസിനടുത്തേക്ക് ഓടി.

It's a nail-biting finish. 5:50 pm, എന്തോ ഭാഗ്യം.

ഞാനെവിടാ ഇരിക്കണ്ടെ സാറേ?

വന്ദ്യ വയോധികനായ ഡ്രൈവറോട് ആവേശത്തോടെ ചോദിച്ചു.

അതൊക്കെ പറയാം സർ, ആദ്യം മുഖത്ത് മാസ്ക് വയ്ക്കൂ. എന്നിട്ട് ആ കാണുന്ന വരിയിൽ പോയി നിൽക്കൂ.

അതുശരി, ഇവിടെയൊരു ക്യൂ ഉണ്ടായിരുന്നല്ലേ?

മലമ്പാതയിലൂടെ ബസ് നീങ്ങുമ്പോൾ ചിന്തിച്ചു: എന്തിനായിരുന്നു ഈ നെട്ടോട്ടം?

കുറേക്കൂടി ജാഗ്രത വേണമായിരുന്നോ? സമ്മർദ്ദം ഒഴിവായേനെ.

എന്നാൽ കൃത്യമായി വരച്ചിട്ട കളങ്ങളിൽ നിന്ന് മാറിനടക്കുമ്പോൾ ലഭിക്കുന്ന അനുഭവമാണ് യാത്രയുടേയും ജീവിതത്തിന്റെയും സത്ത. ഉച്ച കഴിഞ്ഞ് യാത്ര പൂർത്തിയായെന്ന് കരുതിയപ്പോൾ വിരസത തോന്നിയിരുന്നു.

ഒരേയൊരു പിഴവിൽ അത് ആവേശത്തിന് വഴിമാറി.

തടസ്സങ്ങൾ ഇല്ലാതിരിക്കാൻ ആഗ്രഹിക്കരുത്, മറികടക്കാനുള്ള ശക്തി ആഗ്രഹിക്കുക. നഷ്ടപ്പെട്ടു പോകുമെന്ന് ഒരു നിമിഷമെങ്കിലും ഭയന്ന്, ലക്ഷ്യം നേടുമ്പോൾ കിട്ടുന്ന ആഹ്ളാദത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. 

മലയിടുക്കിലൂടെ പോകുമ്പോൾ സൂര്യൻ മറയാൻ തുടങ്ങി.

മരങ്ങളുടെ സൂചികാഗ്രങ്ങൾ നിഴൽ രൂപങ്ങളായി.

താഴ്വരയിൽ ഇരുൾ പരന്നു. പാതിരാവോടെ വീട്ടിലെത്തി.

തലയിൽ വെള്ളം കോരിയൊഴിച്ച്, രാവിലെ വാങ്ങിയ വെളുത്ത വീഞ്ഞും ഭക്ഷണവും കഴിച്ച് കിടക്കയിൽ ചായുമ്പോൾ ആനന്ദം!

Also Read: ഒക്കനാഗൻ വേനൽ - ഡിബിൻ റോസ് ജേക്കബിന്റെ മനോഹരമായ യാത്ര വിവരണം - Part 1

Also Read:  ഒക്കനാഗൻ വേനൽ - ഡിബിൻ റോസ് ജേക്കബിന്റെ മനോഹരമായ യാത്ര വിവരണം -Part 2

Also Read: ഒക്കനാഗൻ വേനൽ - ഡിബിൻ റോസ് ജേക്കബിന്റെ മനോഹരമായ യാത്ര വിവരണം -Part 3