ഒക്കനാഗൻ വേനൽ - ഡിബിൻ റോസ് ജേക്കബിന്റെ മനോഹരമായ യാത്ര വിവരണം -Part 2

By: 600072 On: Oct 19, 2021, 3:49 AM

എഴുതിയത്: ഡിബിൻ റോസ് ജേക്കബ്, ബ്രിട്ടീഷ് കൊളംബിയ 

കെലോവ്ന, ബ്രിട്ടീഷ് കൊളംബിയ, കാനഡ.

ഓഗസ്റ്റ്,2020.

 

രണ്ടാം ദിനം, ശനി.

ആറു മണിയോടെ ഉണർന്നു.

അടുക്കളയിൽ കണ്ട നൈജീരിയൻ പ്രഭാത വന്ദനം പറഞ്ഞു.

യൂത്ത് ഹോസ്റ്റലാണ്, പല ദേശക്കാരുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നതിനാൽ

ആശയ വിനിമയം കുറവ്. അടുക്കളയിൽ ഫ്രിഡ്ജ്, വൈദ്യുത അടുപ്പ്, മൈക്രോവേവ്.

ഭക്ഷണം ഉണ്ടാക്കാം, പുറത്ത് നിന്ന് വാങ്ങിയത് ചൂടാക്കി കഴിക്കാം.

വാഷ് റൂമിൽ പരിമിതമായ സ്ഥലം, വിസ്തരിച്ച് കുളിക്കാൻ പറ്റില്ല.

രണ്ടു ദിവസത്തേക്ക് ഇത്രയും മതി. ഇന്നത്തെ പരിപാടി ഇപ്പോഴും തീരുമാനമായില്ല.

സാൻഡ്ഹിൽ വൈനറിയിൽ 11 മണിക്ക് വൈൻ ടേസ്റ്റിംഗ് ബുക്ക് ചെയ്തിട്ടുണ്ട്.

അതിനുശേഷം എന്തു ചെയ്യും? ഇതുപോലേ ഉറപ്പില്ലാത്ത ഒരു യാത്ര ആദ്യമായാണ്.

ഉറപ്പ് വേണമെന്നില്ല, തോന്നുന്ന പോലെ പോകാം, വരുന്ന പോലെ കാണാം,

ഒറ്റയ്ക്ക് പോകലിന്റെ രസം. ആർക്കു വേണ്ടിയും കാത്തു നിൽക്കാനില്ല,

ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ല. സ്വയം സംവദിക്കുന്നതിനാൽ

സംസാരിക്കാൻ വേറെയാരും വേണമെന്ന് തന്നെയില്ല.

നഗരത്തിന് പുറത്തേക്ക് പോകുന്നില്ല. ഇനിയുള്ള രണ്ടു ദിനം മുഴുവൻ നഗരത്തിന്റെ സുഖലഹരിയിൽ മുങ്ങാൻ പോകുന്നു.

ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന യാത്ര.

 

Magical morning:

8 AM.

വാൻകൂവർ വ്ളോഗർ നിർദ്ദേശിച്ച കോഫി ഷോപ്പ് ബീൻ സീൻ.

പൊടിച്ച കാപ്പിക്കുരുവിന്റെ സുഖമുള്ള ഗന്ധം.

അകത്ത് തിരക്കില്ല. കൗണ്ടറിൽ രണ്ട് പെൺകുട്ടികൾ.

സ്മോൾ കപ്പുച്ചീനോ ഓർഡർ ചെയ്തു. അളവ് കുറവായിരിക്കും എന്നവർ പറഞ്ഞു,

അതു തന്നെ മതി. തെരുവോരത്തെ കസേരയിൽ ഇരുന്ന്

കോഫി നുകരുമ്പോൾ അസാധ്യ രുചി. വലുത് വാങ്ങേണ്ടതായിരുന്നു.

സാരമില്ല, നാളെ വരാം. വാട്ടർഫ്രൻഡിലേക്ക് നടന്നു.

നഗരം ഉണരുന്നതേയുള്ളൂ. വാഹനങ്ങൾ കുറവ്.

ഒരു കോഫി കൊണ്ട് മാത്രം വിശപ്പ് മാറില്ല. ടിം ഹോർട്ടൻസിൽ നിന്ന് ബ്രേക്ക് ഫാസ്റ്റ് സാൻഡ് വിച്ച്- ബേക്കൺ, ചീസ്, എഗ്ഗ് ഓൺ ഇംഗ്ലീഷ് മഫിൻ.

സൂര്യൻ പ്രകാശിക്കുന്ന ദിവസം. മറീനയിലേക്ക് നടന്നു.

നീളത്തിൽ മരം കൊണ്ട് കെട്ടിയ പ്ളാറ്റ്ഫോം, നിരനിരയായി കിടക്കുന്ന യോട്ടുകൾ വാടകയ്ക്ക് ലഭ്യമാണ്. ഓടിച്ചു പരിചയമുണ്ടെങ്കിൽ 140 കിലോമീറ്റർ നീളമുള്ള

ഒക്കനാഗൻ തടാകത്തിന്റെ അപാര നീലിമ അറിയാം. മരപ്പാതയുടെ അറ്റത്ത് ഇളം കാറ്റേറ്റ് ഏറെ നേരമിരുന്നു- പ്രഭാതധ്യാനം. തടാത്തിന്റെ മറുകരയിൽ ലാവ ഉറഞ്ഞ വരണ്ട കുന്നുകൾ. പ്രഭാതത്തിൽ ഒറ്റയ്ക്കും കൂട്ടായും കുടുംബമായും ജലയാത്ര തുടങ്ങുന്ന സഞ്ചാരികൾ, വാട്ടർ സ്കൂട്ടറിന്റെ പിൻസീറ്റിൽ കാമുകിയെ ഇരുത്തി, വെള്ളം തെറിപ്പിച്ച് ആനന്ദത്താൽ നിറയുന്ന ഒരു യുവാവ്.

മന്ദഗതിയിൽ നീങ്ങുന്ന ഒരു ബോട്ടിനെ ഓളം തുള്ളിക്കുന്ന സ്പീഡ് ബോട്ടുമായി മറ്റൊരാൾ.

ഞാൻ എന്നിലേക്ക് തിരിച്ചു വന്ന് സ്വയം നിരീക്ഷിക്കാൻ തുടങ്ങി.

ഈ വർഷം ഇതുവരെ എന്തു ചെയ്തു? സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിച്ചു?

ഈ നിമിഷം ഞാൻ സ്വസ്ഥനാണ്. തിരിച്ചു നടക്കുമ്പോൾ പ്രശാന്തമായ

സിറ്റി പാർക്ക്, നീലാകാശം, ജലത്തിൽ വെള്ളി കോരിയൊഴിച്ച പോലെ

സൂര്യകിരണങ്ങൾ.

 

The middle palate:

സാൻഡ്ഹിൽ വൈനറിയിലേക്ക് നടന്നു. വഴിയിൽ തീരെ പ്രതീക്ഷിക്കാതെ ആനന്ദം ഒളിഞ്ഞിരിക്കുന്നു. കണ്ടെത്താൻ ഒരൊറ്റ കാര്യം ചെയ്യുക, കണ്ണും കാതും തുറന്നു വച്ച് നടക്കുക. കൊളോണിയൽ ശൈലിയിൽ ഒരു കെട്ടിടം-ട്രെയിൻ സ്റ്റേഷൻ പബ്ബ്. ഷെർലക് ഹോംസിന്റെ ലണ്ടനിൽ നിന്ന് ചീന്തിയെടുത്ത പോലെ. പഴയ നഗരത്തിലെ ഏറ്റവും തിരക്കുള്ള സ്റ്റേഷൻ ഇപ്പോൾ മദ്യവും ഭക്ഷണവും ചേരുന്ന സാംസ്കാരിക വിനിമയകേന്ദ്രം. റോസാപ്പൂ തോട്ടത്തിനു നടുവിൽ വിളക്കു പിടിച്ചു നിൽക്കുന്ന സിഗ്നൽമാൻ. കാലത്തിനു പിന്നിലേക്ക് വലിക്കുന്ന ശിൽപം.

10:45 am.

വൈനറി തുറന്നിട്ടില്ല, ഒരു മനുഷ്യനെ പോലും കാണുന്നില്ല.

വൈൻ കലാസ്വാദകനായ ഞാൻ മാത്രം. പത്തു മിനിറ്റ് കഴിഞ്ഞ് ജോലിക്കാർ എത്തി,

ഷിഫ്റ്റ് തുടങ്ങുന്നു. എന്റെ പേര് ലിസ്റ്റിലുണ്ട്. ഹാൻഡ് സാനിറ്റൈസർ കയ്യിൽ പുരട്ടി

അകത്തു കയറി. ഈ വർഷത്തെ  സർവമത തീർത്ഥജലം.

നീളം കൂടിയ സ്വീകരണ മുറി. ഉന്നത നിലവാരമുള്ള ഫർണിച്ചർ,

ചുവരിൽ പതിപ്പിച്ച സിറാ വൈനിന്റെ വേര്. ഇരിപ്പിടം കിട്ടി.

അൽപമകലെ വെള്ളക്കാരായ ദമ്പതികൾക്ക് വീഞ്ഞ് ഒഴിച്ചു കൊടുത്ത് ഗുണഗണങ്ങൾ വർണിക്കുന്ന ഒരു വനിത. മധ്യവയസ്കയായ അവർ എന്റെ മേശയിൽ ഒരു വൈൻ ഗ്ളാസ് വച്ചു. പത്തു തരം വീഞ്ഞുള്ള മെനു കാർഡ്. നാലെണ്ണം തിരഞ്ഞെടുക്കാം. രണ്ട് വൈറ്റ്, രണ്ട് റെഡ്. ഇതുവരെ കുടിക്കാത്ത നാലെണ്ണം ഞാൻ ടിക്ക് ചെയ്തു.

White-Sovereign Opal 2019, Viognier 2018.

Red-Syrah 2018, Sangiovese 2016.

ടേസ്റ്റിംഗ് തുടങ്ങി, അളവ് കുറവാണ്. ഒഴുക്കൻ രീതിയിൽ വീഞ്ഞിനെ വിവരിച്ച് വനിത മറ്റേ ടേബിളിലേക്ക് പോയി. ഇതുവരെയുളെള പരിചയം വച്ച് ഗ്ളാസിൽ മൂക്ക് കയറ്റി മണത്തും, ചുഴറ്റിയും നാവിൽ പരത്തിയും ഞാൻ രുചി അറിയുന്നത് കണ്ട് മറ്റൊരു സ്റ്റാഫ് അടുത്തു വന്നു, ഒരു യുവതി. ഗ്ളാസ് രണ്ടാമത് നിറഞ്ഞു. ഒക്കനാഗൻ താഴ്വരയിൽ സിറാ വൈൻ വിളയുന്ന മേഖലകൾ, അഗ്നിപർവതം പാകപ്പെടുത്തിയ മണ്ണ്, വേനലിൽ സൂര്യന്റെ ജ്വലനം,  വരണ്ട കാലാവസ്ഥ- അവൾ വാചാലയായി.

Terroir driven wine.

സാൻഡ്ഹിൽ വൈനറിയുടെ പുതിയ തരം വീഞ്ഞുകളുടെ പരസ്യ വാചകം.

യഥാർത്ഥത്തിൽ എല്ലാ വീഞ്ഞും terroir driven ആണ്.

ടെർവാ (terroir) എന്നാൽ വീഞ്ഞുൽപാദന മേഖലയിലെ മണ്ണും കാലാവസ്ഥയും.

വീഞ്ഞിന്റെ ആത്മാവ്. ഒക്കനാഗൻ മേഖല ലോകനിലവാരത്തിലേക്ക് ഉയരുകയാണ്. 'മികച്ച വൈൻ ക്രിട്ടിക്കുകളെ ക്ഷണിച്ചു വരുത്തി ലോകനിലവാരമുള്ള ഫുഡ് മാഗസിനുകളിൽ എഴുതിച്ചു കൂടെ?'

പണ്ഡിതനാട്യത്തോടെ ഞാൻ ചോദിച്ചു. വീഞ്ഞ് തലയ്ക്കു പിടിക്കാൻ തുടങ്ങിയിരിക്കുന്നു. 'ഞങ്ങൾ ചെയ്യുന്നുണ്ട്' -അവൾ പറഞ്ഞു. 'ഒക്കനാഗൻ വരും വർഷങ്ങളിൽ കാലിഫോർണിയയിലെ നേപ താഴ്വരയോട് കിടപിടിക്കട്ടെ' -ഞാൻ ആശംസിച്ചു. ശേഷം ചുവന്ന വീഞ്ഞിലേക്ക് കടന്നു.

അവൾ വിശദീകരണവുമായി അരികിലുണ്ട്. എത്ര മനോഹരമാണ് ഈ സംഭാഷണം!

തടാകത്തിന് അരികിലെ മുന്തിരിത്തോപ്പിൽ നടന്ന്, മുന്തിരിവള്ളികളെ അറിഞ്ഞ്

വീഞ്ഞ് രുചിക്കണം എന്നായിരുന്നു ആഗ്രഹം. നഗരത്തിന് പുറത്ത് അത്തരം

തോട്ടങ്ങളുണ്ട്, അതിലൊന്ന് അവൾ നിർദ്ദേശിച്ചു; ഞാൻ പോകുന്നില്ല,

കോവിഡ് നിയന്ത്രണം സമയം പാഴാക്കും. 'ഇവിടെ നിന്ന് വീഞ്ഞ് വാങ്ങുന്നുവെങ്കിൽ

ടേസ്റ്റിംഗിന്റെ പണം ഇളവു ചെയ്തു തരും' - ശുഭദിനം നേർന്ന് അവളെന്നെ യാത്രയാക്കി. സ്റ്റോറിൽ ചുറ്റിയടിച്ച് ഒരു റെഡ് വൈൻ വാങ്ങി ഞാൻ പുറത്തിറങ്ങി.

Lest we forget:

1:30 pm. മിലിട്ടറി മ്യൂസിയം.

പ്രവേശനം സൗജന്യം. ഒരു ജീവനക്കാരി അകത്തുണ്ട്.

പഴയ ഏതോ യുദ്ധകാല റേഡിയോ സന്ദേശം മുഴങ്ങുന്നു.

ബ്രിട്ടീഷ് സ്വാധീനത്തിൽ നിന്ന് പുറത്തു കടന്ന്, കനേഡിയൻ സൈന്യം സ്വന്തം ഐഡന്റിറ്റി നേടിയതിന്റെ നേർച്ചിത്രം കാണാം. യൂണിഫോമിലും ആയുധങ്ങളിലും വന്ന മാറ്റം, പ്രാദേശിക ഇടപെടലുകൾ, ബോവെർ യുദ്ധം, ലോകയുദ്ധങ്ങൾ- ഫ്രെയിം ചെയ്ത ചിത്രങ്ങളിൽ കനേഡിയൻ ആർമിയുടെ

ചരിത്ര ദൗത്യങ്ങൾ. ഇത്രയധികം തോക്കുകൾ ഒരുമിച്ച് കാണുന്നത് ആദ്യം.

പിസ്റ്റൾ മുതൽ യന്ത്രത്തോക്ക് വരെ. യുദ്ധഭൂമിയിൽ നിന്ന് ഉടമസ്ഥനില്ലാതെ തിരിച്ചുവന്ന ട്രങ്ക് പെട്ടികൾ മനസ്സിനെ ഉലച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ കിഴക്കൻ യൂറോപ്പിലെ പൂപ്പാടത്ത് മരിച്ചു വീണ സൈനികരുടെ സ്മാരകത്തിൽ ചുവപ്പ് പടർന്നിരിക്കുന്നു. പോപ്പികളുടെ കടൽ. ഈ മുറിയിൽ മരണത്തിന്റെ,

വേർപാടിന്റെ ഗന്ധം.

Craftsmanship:

തടാകതീരത്തേക്ക് നീണ്ടു പോകുന്ന പ്രധാന തെരുവിൽ ഉച്ചഭക്ഷണ തിരക്ക്.

ഭോജനശാലകളുടെ അകത്തും പുറത്തുമായി ഇരിപ്പിടങ്ങൾ.

കോവിഡ് ഔപചാരികത മാത്രമാണ്. അകത്ത് സാമൂഹ്യ അകലമുണ്ട്, പുറത്തില്ല.

മാസ്കുണ്ടോ? ഉണ്ട്. വേണ്ട പോലെ ധരിക്കുന്നുണ്ടോ? ഇല്ല.

എന്റെ മാസ്ക് മുഖത്തു വെയിലടിക്കാതെ സഹായിക്കുന്നു -വേറെ ഗുണം കാണുന്നില്ല. കിട്ടുന്നിടത്തു നിന്നെല്ലാം ഹാൻഡ് സാനിറ്റൈസർ വാരിപ്പുരട്ടുന്നത് മാത്രമാണ് ആശ്വാസം. തെരുവിലെ ക്രാഫ്റ്റ് സ്പിരിറ്റ്‌ ഡിസ്റ്റിലറിയിൽ കയറി.

(കരകൗശല ചാരായം വാറ്റ് കേന്ദ്രം).

Craft implies a certain level of artisty and mastery.

മദ്യം ഉണ്ടാക്കുന്നതും കുടിക്കുന്നതും ഒരു കലയാണ്.

സാൻഡ്ഹിൽ വീഞ്ഞിന്റെ കെട്ടിറങ്ങി. നാലു മണിക്ക് ബിയർ ടേസ്റ്റിംഗിനു

പോകാനുള്ളതാണ്. അതിനിടയിൽ ഇത് വേണോ?

വേണം, നാളെ വൈകിട്ട് നഗരം വിടുമ്പോൾ നഷ്ടബോധം തോന്നാൻ പാടില്ല.

മദ്യത്തിന്റെ കലാവിരുത് പ്രകടമായ ഉൾഭാഗം, ഡിസ്റ്റിലറിയുടെ ചരിത്രം

വിവരിക്കുന്ന ഡിസ്പ്ലേ. സമ്മാനമായി നൽകാവുന്ന സുന്ദരമായ കുപ്പികളിൽ ഇളം ചുവപ്പു നിറമുള്ള ലഹരി. ഓക്ക് വീപ്പകളുടെ മേളനം പഴയ കാല നിലവറകളെ ഓർമിപ്പിച്ചു. കോവിഡിനെ അകറ്റാൻ രണ്ടു വീപ്പ അകലം പാലിക്കുക. അഞ്ചു ഡോളറാണ് രുചിപ്പണം. ടേസ്റ്റിംഗ് കഴിഞ്ഞ് ഒരു കുപ്പി വാങ്ങായാൽ ഫീസ് ഇളവ് ചെയ്യും.

നീണ്ട മെനുവിൽ നിന്ന് മൂന്നെണ്ണം തെരഞ്ഞെടുത്തു-

ഓഥന്റിക് കനേഡിയൻ ഓക്ക് ബാരൽ വിസ്കി. സ്കോച്ചിന്റെയും ജമൈക്കൻ ആപ്പിൾട്ടൺ റമ്മിന്റേയും ഓരോ അപരൻമാർ.

ഒഴിച്ചു തരുന്ന വനിത ചെറിയൊരു വിവരണം നൽകുന്നു.

ഗന്ധവും രുചിയും സൗമ്യമായി അറിയിച്ച് സോമരസം അകത്തു പോകുന്നു.

എങ്ങനെയുണ്ട്? വരണ്ടത്. രൂക്ഷം, പഴച്ചുവ, മൃദുലം, മരച്ചുവ. സമ്മിശ്ര രുചികൾ.

ഒന്നു കഴിഞ്ഞ് ഗ്ളാസ് കഴുകി അടുത്തത് ഏറ്റു വാങ്ങണം.

മൂന്നും ചേർത്താൽ ഒരു ചെറുത്. അത്രേയുള്ളൂ. ഒന്നും വാങ്ങിയില്ല,

അഞ്ചു ഡോളർ കൊടുത്ത് ഇറങ്ങി. മുറ്റത്ത് മഞ്ഞപ്പൂക്കൾ വിടർന്ന

നഗര കാര്യാലയത്തിന്റെ പിന്നിലുള്ള ജാപ്പനീസ് ഗാർഡനാണ് അടുത്ത ലക്ഷ്യം.

ജപ്പാനിലെ കസുഗായ് പട്ടണം കെലോവ്നക്ക് നൽകിയ സമ്മാനം.

നഗരഹൃദയത്തിലെ ശാന്തമായ പച്ചതുരുത്ത്.

തുടരും..