ഒക്കനാഗൻ വേനൽ - ഡിബിൻ റോസ് ജേക്കബിന്റെ മനോഹരമായ യാത്ര വിവരണം - Part 1

By: 600072 On: Oct 4, 2021, 6:27 AM

എഴുതിയത്: ഡിബിൻ റോസ് ജേക്കബ്, ബ്രിട്ടീഷ് കൊളംബിയ 

2020.

വർഷാദ്യം തുടങ്ങിയ താണ്ഡവത്തിൽ കോവിഡ് മനുഷ്യരെ മാത്രമല്ല,

മനുഷ്യരുടെ ജീവിതമാർഗവും തകർത്തു കളഞ്ഞിരുന്നു.

എയർലൈനുകൾ നിശ്ചലമായി, ടൂറിസം നിലച്ചു.

വസന്തകാലത്ത് വീടുകളിൽ കുരുങ്ങി, യാത്രയെന്ന് ചിന്തിക്കുന്നത് പോലും

ആഢംബരമായി. വേനൽ തുടങ്ങിയതോടെ ഒരു മാറ്റം വേണമെന്ന് തോന്നി.

വിർച്വൽ ലോകത്ത് മനുഷ്യരുമായി സംവദിച്ചും വീടിന്റെ ഏകാന്തതയിലേക്ക് മടങ്ങിയും, ഒരു സംരംഭം ഉയർത്തിക്കൊണ്ട് വരികയാണ്.

I need a break. Much needed one.

ഒരു യാത്ര പോയാലോ? കെലോവ്ന,400 കിലോമീറ്റർ അകലെ.

ജൂണിൽ കേട്ടത് ശുഭവാർത്തയല്ല.

Better you stay home. We are not open.

ജൂലൈ പിറന്നു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിന്റെ കോവിഡ് പ്രതിരോധം ഫലപ്രദമായതിനാൽ ഇളവുകൾ പ്രഖ്യാപിച്ചു (Phase 3 reopening).

സുരക്ഷിതമായ രീതിയിൽ കച്ചവട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

യാത്ര ചെയ്യാൻ ഇനി മടിക്കേണ്ടെന്ന് പ്രീമിയർ(മുഖ്യമന്ത്രി)

പ്രത്യേക സന്ദേശത്തിൽ പറഞ്ഞു.

ബ്രിട്ടീഷ് കൊളംബിയയുടെ അതിരിനുള്ളിൽ മാത്രം,

മറ്റു പ്രവിശ്യകളിലോ അമേരിക്കയിലോ തൽക്കാലം പോകാനാകില്ല.

കുടംബമായി യാത്ര ചെയ്യുക, വിനോദസഞ്ചാര മേഖലകളിലെ സമൂഹത്തിന് അത് ഉണർവാകും. ജനങ്ങൾ വീടുകളിലെ സുഹൃദ് സംഗമങ്ങൾ ചെറിയ രീതിയിൽ ആരംഭിച്ചു. യാത്രയും ക്യാംപിംഗും തുടങ്ങി.

അടുത്ത മാസം കെലോവ്ന. ഞാൻ ഉറപ്പിച്ചു.

ടൂറിസം വെബ്സൈറ്റിൽ നിന്ന് വിവരശേഖരണം. ഏജന്റുമായി ലൈവ് ചാറ്റ്. ഏറ്റവും ചെലവ് കുറഞ്ഞ താമസസ്ഥലം യൂത്ത് ഹോസ്റ്റൽ.

ഈ സാഹചര്യത്തിൽ ഡോർമിറ്ററിയിൽ കഴിയാനാവില്ല, അതുകൊണ്ട് സിംഗിൾ റൂം. ഇ-ബസ് റൗണ്ട് ട്രിപ്പ് ടിക്കറ്റ്. കെലോവ്നയെ പ്രണയിച്ച്, അവിടെ സ്ഥിരതാമസമായ ഒരു വാൻകൂവർ വ്ളോഗറുടെ വീഡിയോ കണ്ടു.

നാല് ഋതുവിലും ആകർഷണങ്ങൾക്ക് കുറവില്ല, കാണേണ്ടവയുടെ

ഒരു പട്ടികയുണ്ടാക്കി.

ഓഗസ്റ്റ് 21.

അതിരാവിലെ ഉണർന്ന് പസഫിക് സെൻട്രൽ സ്റ്റേഷനിലേക്ക്.

ബസിൽ കയറിയപ്പോൾ മുഖപടം എടുക്കാൻ മറന്നുവെന്ന് മനസ്സിലായി്‌.

ഇനിയത് വാങ്ങണം. സ്റ്റേഷനിൽ നേരത്തെ എത്തി.

അഞ്ചു മണിക്കൂർ യാത്രയിൽ മാസ്ക് നിർബന്ധം-ഉടനീളം ധരിക്കണം.

അവർ തരും, മൂന്ന് ഡോളർ.

കാത്തിരിക്കുമ്പോൾ പുറത്ത് മഴ. കെലോവ്നയിൽ മേഘവും സൂര്യനുമാണ്

കാലാവസ്ഥാ പ്രവചനം. സ്ക്രീനിംഗ് ചോദ്യങ്ങൾക്കു ശേഷമാണ് ബസിൽ കയറ്റിയത്, ബാക്ക്പാക്ക് വണ്ടിയുടെ പള്ളയിൽ വയ്ക്കണം.

യാത്ര തുടങ്ങി, മഴ തോരുന്നില്ല. സറിയും ലാംഗ്ലിയും പിന്നിട്ട്

ആബട്ട്സ്ഫോർഡ് എയർപോർട്ടിൽ വണ്ടി നിന്നു. കോഫി കിട്ടുമോ?

കടകളെല്ലാം അടഞ്ഞു കിടക്കുന്നു എന്ന് ഡ്രൈവർ. ഞാൻ ലോബിയിലേക്ക് കയറി.

ആളൊഴിഞ്ഞ പ്രേതനഗരം പോലെ. ഇച്ഛാഭംഗത്തോടെ ബസിൽ തിരികെ.

ഫ്രേസർ താഴ്വരയിലെ കൃഷിയിടങ്ങൾ പിന്നിടുമ്പോൾ മലനിരകളുടെ

പശ്ചാത്തലത്തിൽ, കോടമഞ്ഞു തീർത്ത വെൺതൂണുകൾ കാണാം-

കാറ്റിൽ പറന്നലഞ്ഞ് രൂപം മാറി. ആ കാഴ്ച മനം കുളിർപ്പിച്ചു,

രാവിലെ മഴ നൽകിയ നിരാശ ഇപ്പോളില്ല. കാംലൂപ്സ് പിന്നിട്ട് ബസ് മലമുകളിലേക്ക് കയറി, ചുണ്ണാമ്പ് കല്ല് ചെത്തി വകഞ്ഞെടുത്ത മലമ്പാത.

വലതു വശത്ത് അഗാധത. കുന്നിൻ ചരുവിൽ തലയുയർത്തി വളരുന്ന

വലുതും ചെറുതുമായ മരങ്ങൾ. കോണിഫറസ് മരങ്ങളുടെ നിരയൊപ്പിച്ച സൂചികാഗ്രങ്ങൾ. ഡിസൈനർ ഇൻഗ്രിഡ് ഫെറ്റൽ ലീയുടെ പുസ്തകം തുറന്നു-Joyful.

എത്ര ശ്രമിച്ചാലും സന്തോഷം മനുഷ്യനെ ഒഴിഞ്ഞു നിൽക്കുന്ന വികാരമാണെന്നും,

ഭൂമിയിൽ അത് തേടി കണ്ടെത്തുക കഠിനമാണെന്നും കിഴക്ക്-പടിഞ്ഞാറൻ തത്വചിന്തകർ പറഞ്ഞു വച്ചിരിക്കുന്നു.

Happiness is an elusive feeling.

It can only be attained by self-mastery and denial of worldly pleasures.

പക്ഷേ ഇൻഗ്രിഡ് പറയുന്നു ആനന്ദം മനുഷ്യന്റെ പ്രകൃതവും

അവകാശവുമാണെന്ന്. തപസ്സു ചെയ്യുന്നവർക്ക് മാത്രമല്ല,

ചുറ്റുമുള്ള വസ്തുക്കളിൽ ശ്രദ്ധിക്കുന്നവർക്കും അത് നേടാം.

മനുഷ്യന്റെ ഏതൊരു പ്രവൃത്തിയൂടെയും ലക്ഷ്യം ആനന്ദമാണ്.

എന്തുനേടിയാലും തൃപ്തിയാകാത്ത ഉപഭോഗ സംസ്കാരവുമായി

അതിനെ ബന്ധിക്കേണ്ടതില്ല. നന്നായി രൂപകൽപന ചെയ്ത ഉൽപന്നം,

പുതിയ വസ്ത്രം, രുചിയുള്ള കോഫി, നിറങ്ങളുടെ സർഗാത്മകമായ സംയോജനം,

പുനക്രമീകരിച്ച സ്വന്തം മുറി. നട്ടു വളർത്തിയ ചെടി, കായ്ക്കുന്ന മരം,

മാധുര്യമുള്ള ഗാനം, പ്രിയങ്കരമായ പുസ്തകം, യാത്ര-

എന്തും സന്തോഷത്തിലേക്ക് നയിക്കാം.

Happiness is not a solace to be found at the end of your life or in afterlife.

It's here and now.

ചിന്തയുടെ പുഴ നീന്തിക്കയറി വന്നപ്പോൾ വാഹനം പുതിയ കാഴ്ചകളിലേക്ക്

നയിച്ചു-താഴെ മലയുടെ താഴ്വരയിൽ തടാകങ്ങൾ, വന്യജീവികൾ.

മരങ്ങൾക്ക് മുകളിൽ ചിറക് വിടർത്തി പറക്കുന്ന പക്ഷികൾ.

വനവഴിയിലൂടെ തടാകത്തെ തേടുന്ന RV (Recreational Vehicle)കളിൽ

കുടുംബസമേതം മനുഷ്യർ.

ഉച്ച കഴിഞ്ഞു. അകലെ ഒക്കനാഗൻ തടാകം കാണാം.

ഇരുവശത്തും കോട്ടകെട്ടിയ പോലെ മലനിരകൾ, ആയിരക്കണക്കിന് വർഷം

മുമ്പ് ഇവ അഗ്നിപർവതങ്ങളായിരുന്നു.

ബസ് കെലോവ്ന വെസ്റ്റ് ബാങ്കിൽ കിതച്ചു നിന്നു.

ലോക്കൽ ബസിൽ കയറി ഈസ്റ്റ് കെലോവ്നയിലേക്ക്.

റോഡിൽ ഉയർന്നും താണും മുന്നോട്ടു പോകുമ്പോൾ കുന്നിൽ ചരിവിൽ മുന്തിരിത്തോപ്പുകൾ. അവ തടാകത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

ചിത്രം വരച്ച പോലെ പ്രകൃതി. ചെറിയൊരു പട്ടണമാണെങ്കിലും

വൈനറികൾക്ക് കുറവില്ല, നാൽപതെണ്ണം. ഒക്കനാഗൻ താഴ്വരയിലാണ് കാനഡയിലെ ഏറ്റവും മികച്ച വീഞ്ഞുണ്ടാക്കുന്ന മുന്തിരികൾ വിളയുന്നത്.

തടാകത്തിനു കുറുകെയുള്ള പാലം കടന്ന് വാഹനം കിഴക്കൻ തീരത്തെ ഡൗൺടൗണിൽ പ്രവേശിച്ചു. പുറത്തിറങ്ങി നടന്നു.

അഗ്നിയും ഹിമവും:

നഗരത്തിനു പുറത്ത് അനേകം വിനോദ കേന്ദ്രങ്ങളുണ്ട്-

സഞ്ചാരിയുടെ വിഭിന്നമായ അഭിരുചികൾക്ക് ചേർന്ന വിധം.

വിന്റർ സ്കീയിംഗിന് ബിഗ് വൈറ്റ് മൗണ്ടൻ.

സമ്മർ ട്രെക്കിംഗിന് മൗണ്ട് ബ്യൂഷറിയിലേക്ക് വോക്കിംഗ് ട്രെയിൽ.

മുകളിൽ നിന്നാൽ തടാകത്തിന്റെ വിഹഗ വീക്ഷണം.

40 കിലോമീറ്റർ അകലെ മിറാ കാന്യൺ. കാറിലോ സൈക്കിളിലോ പോകാം.

പാറക്കെട്ടുകൾ അതിരിടുന്ന മലമുകളിൽ ഗഹ്വരങ്ങൾ, ഉപേക്ഷിക്കപ്പെട്ട കെറ്റിൽ വാലി റെയിൽവേ, തുരങ്കങ്ങൾ. ഒരു മണിക്കൂർ ഡ്രൈവിൽ പെൻഡിക്ടൺ, വെർനൻ, ഒലിവർ, സമ്മർലാൻഡ്-ഒക്കനാഗൻ താഴ്വരയിലെ മനോഹരമായ ചെറുപട്ടണങ്ങൾ,

ഗ്രാമങ്ങൾ. ഒക്കനാഗൻ റെയിൽ ട്രെയിൽ- വെർനനിലേക്ക് പോകുന്ന തടാക തീരപാത.

പദ്ധതിയില്ലാത്ത യാത്രയാണിത്. ഇന്നിനി നഗരത്തിനു പുറത്തേക്കില്ല.

വഴിയിൽ ആദ്യം കണ്ടത് ഹെറിറ്റേജ് മ്യൂസിയം, മുറ്റത്ത് ലാവൻഡറിന്റെ

അവസാന ദലങ്ങൾ. പ്രവേശനം സൗജന്യം. മനസ്സുണ്ടെങ്കിൽ അഞ്ചു ഡോളർ സംഭാവന നൽകാം. ഒക്കനാഗൻ താഴ്വരയുടെ ചരിത്രവും മനുഷ്യ ജീവിതത്തിന്റെ നേർച്ചിത്രവും ജീവജാലങ്ങളുടെ സമൃദ്ധിയും പ്രദർശന വസ്തുക്കളിൽ ദർശിക്കാം.

40 ലക്ഷം വർഷം മുമ്പ് പസഫിക് ടെക്ടോണിക് ഷിഫ്റ്റ് വഴി രൂപപ്പെട്ട

പർവതങ്ങളും താഴ്വരകളും. തിളച്ചു മറിഞ്ഞ്, പുതുരൂപം പൂണ്ട് ആറിത്തണുത്ത് മഞ്ഞുറഞ്ഞ് ശിലായുഗത്തിൽ തടാകങ്ങൾ രൂപം കൊണ്ടു.

മനോഹാരിത നീണ്ട കാലത്തെ രൗദ്രതയുടെ സൃഷ്ടിയാണ്.

സ്യിൽക്സ് ഗോത്ര മനുഷ്യരാണ് ആദിമവാസികൾ (Syilx nation).

പിന്മുറക്കാർ ഇപ്പോഴുമുണ്ട്.

1811-ൽ ഫർ ട്രെയ്ഡർമാർ ഇവിടം കയ്യടക്കി,1859-ൽ ഫാദർ ചാൾസ്

പൻഡോസിയുടെ മിഷനറി പ്രവർത്തനം യൂറോപ്യൻ കുടിയേറ്റത്തിന്

തുടക്കം കുറിച്ചു.  ആദിമനുഷ്യർ പുതിയ അതിഥികളെ സ്നേഹത്തോടെ സ്വാഗതം ചെയ്തു.  ഗോത്ര മനുഷ്യന് സ്വന്തമായി ഒന്നുമില്ല; ആകാശം, ഭൂമി, പുഴ-

എല്ലാം എല്ലാവരുടേയും സ്വന്തം. പക്ഷേ അതിഥികൾ അതിരുകൾ വരയ്ക്കാനും വിശാലമാക്കാനും വന്നവരാണ്. വൈകാതെ ആദിമനുഷ്യർ സ്വന്തം നാട്ടിൽ അന്യരായി. ഫാദർ പൻഡോസിയുടെ കുടിലിന്റെ മാതൃക മ്യൂസിയത്തിൽ കണ്ടു.

കഠിനമായ വന ജീവിതത്തിന്റെ ഒരു ചിത്രം.

പ്രഭാതത്തിൽ വാതിലിൽ മുട്ടുന്നത് കരടിയാവാം.

Grizzly bear-വടക്കേ അമേരിക്കയിലെ തവിട്ടു നിറമുള്ള കരടി.

സ്യിൽക്സ് ഭാഷയിൽ കെലോവ്ന. സ്ഥലനാമം കരടിയിൽ നിന്നും.

സാംസ്കാരിക പ്രദേശം:

ബഹുവർണമുള്ള ബൂട്ടീക്കും സ്റ്റുഡിയോയും നിറഞ്ഞ ഒരു തെരുവ്.

സിറ്റി ലൈബ്രറിയിൽ കയറി പോകുന്ന വഴി ശരിയാണെന്ന്

ഉറപ്പു വരുത്തി. ഇടതു വശത്ത് വൈൻ-ഓർച്ചാർഡ് മ്യൂസിയം, കോവിഡ് മൂലം തുറന്നിട്ടില്ല. ബാക്ക് യാർഡിൽ ആപ്പിൾ, പെയർ പെട്ടികളുടെ പുനർ നിർമിതി.

പഴയ കമ്പനി ലേബൽ. കെലോവ്നയിലെ പഴത്തോട്ടങ്ങളിൽ വിളവെടുക്കാൻ, കിഴക്കൻ കാനഡയിൽ നിന്ന് ചെറുപ്പക്കാർ കൂട്ടത്തോടെ വരും.

ഈ വർഷം അതുമില്ല.

ട്രാഫിക് സിഗ്നലിൽ ശരത്കാലം ഇങ്ങെത്താറായി എന്ന് ഓർമിപ്പിച്ച്

മഞ്ഞ ഇലകളോടെ ഒരു മരം. ഒരു ചൈനീസ് ആർട്ട് ഗാലറിയിലേക്ക് കയറിച്ചെന്നു, പണം നൽകേണ്ട. ഫാലൻ ദാഫ പ്രവർത്തകരുടെ ചിത്ര പ്രദർശനം.

ചൈനീസ് ഗവൺമെന്റ് അടിച്ചമർത്തിയ താവോ ആത്മീയ സമൂഹമാണ്

ഫാലൻ ദാഫ, ചുവരിൽ തൂങ്ങുന്ന ചിത്രങ്ങളിൽ ചോരയൊലിക്കുന്നു.

യൂറോപിലും കാനഡയിലും പല നഗരങ്ങളിൽ ഇവരെ കണ്ടിട്ടുണ്ട്.

അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാണ് ലക്ഷ്യം.

കെലോവ്ന ആർട്ട് ഗാലറി. അഞ്ചു ഡോളർ ഫീസ്.

കോൺടാക്റ്റ് ട്രെയ്സിംഗിന് ഫോൺ നമ്പർ.

താഴത്തെ നിലയിൽ ജാപ്പനീസ് ഗെയിഷകളുടെ കിമോണകൾ,

ഓലക്കുടകൾ, ഛായാചിത്രങ്ങൾ. മുകളിൽ അബ്സ്ട്രാക്റ്റ് ആർട്ട്.

ബിനാലെ രീതിയിൽ ഇൻസ്റ്റലേഷനുകൾ.

നഗരത്തെ ഒരു വാഹിനിയായി വരച്ച ചിത്രം, പോർട്രെയിറ്റ് നിറഞ്ഞ ചുവർ.

വരയ്ക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് പരിശീലിക്കാൻ ഓരോ കിറ്റ് എടുക്കാം.

ഞാനുമെടുത്തു, ഒരു സുവനീർ. മ്യൂസിയത്തിൽ കൃത്യമായ

പ്രവേശന-നിർഗമന മാർഗമുണ്ട്.

പുറത്തെ മനുഷ്യരെ കണ്ടാൽ കോവിഡ് തീർന്നു എന്ന മട്ടാണ്.

മാസ്ക് ധരിച്ചവർ കുറവ്. ഞാൻ വച്ചിട്ടുണ്ട്, പക്ഷേ ധാരാളം ടച്ച് പോയിന്റ് ഉള്ളതിനാൽ ഹൈജീനിക് ആണോ എന്ന് സംശയം.

വാട്ടർഫ്രന്റ് പാർക്ക്:

പാതയോരത്തെ വിളക്കുകാലുകൾ എത്ര സുന്ദരമാണ്!

ഓരോന്നിലും രണ്ടു വലിയ പൂക്കൂടകൾ. പച്ചില നിറഞ്ഞ മരങ്ങൾ അതിരിടുന്ന റോഡിൽ പാഞ്ഞു പോകുന്ന, പലവർണമുള്ള ആധുനിക കാറുകൾ.

വിശാലമായ ടൗൺ സ്ക്വയർ. ഇടതു വശത്തെ മരങ്ങൾ കൃത്യമായ അകലത്തിൽ നട്ടു വളർത്തുന്നു. മനോഹരമായി ചെത്തിയൊരുക്കിയ പുൽത്തകിടിയാണ് മരങ്ങൾ കൊണ്ട് വരച്ച ചിത്രത്തിന്റെ കാൻവാസ്. ചവിട്ടുമ്പോൾ കുറ്റബോധം തോന്നുന്നു, പുല്ലിനെ നോവിക്കാതെ നടക്കണം! വലതു വശത്തെ ടൈൽ പാകിയ തറയുടെ അരികിൽ പൂക്കളുടെ വർണരാജി. ജലധാരയുടെ നടുവിൽ വായുവിലേക്ക് കുതിച്ചു ചാടുന്ന രണ്ടു ഡോൾഫിനുകളുടെ ശിൽപം.

മാനം ഇരുളുന്നു. ഒക്കനാഗൻ തടാകത്തിൽ നിന്ന് കാറ്റ് വീശിയടിച്ചു.

ഏതാനും ആഴ്ചകൾക്കുള്ളിൽ ഇലകൾ പൊഴിഞ്ഞു നഗ്നമാകാൻ തയ്യാറാകുന്ന ഒരു മരത്തിന്റെ ചില്ലകൾ വിറച്ചു.

കൺമുന്നിൽ ഒരു ഒരു വിസ്മയക്കാഴ്ച. കാനഡയിലെ വെനീസ്!

അപാർട്മെന്റുകൾക്കു മുന്നിൽ തീർത്ത കൃത്രിമ ലഗൂണിൽ പലനിറത്തിലുള്ള യോട്ടുകൾ. പശ്ചാത്തലത്തിൽ തടാകവും മലകളും. ലഗൂൺ ഒരു വളവു തിരിഞ്ഞ് നീണ്ടു കിടക്കുന്നു, അത്ര തന്നെ ദൂരത്തിൽ യാനപാത്രങ്ങളും.

ചെറിയൊരു പാലം കയറി അപ്പുറം ചെന്നു. നല്ല വിശപ്പ്, ഒരു പ്രാദേശിക വിഭവം

തന്നെയാകാം- സോസിജ്, ഉരുളക്കിഴങ്ങ് ഫ്രൈസ്. കാറ്റുകൊണ്ട് കായൽക്കാഴ്ച കണ്ട് ഭക്ഷണം കഴിച്ചു. തീരത്ത് കുടുംബങ്ങളുടെ തിരക്ക്.

Swim at your own risk, No coast guards available.

സാധാരണ ബീച്ചുകളിൽ സുരക്ഷാ ഗാർഡുകൾ ഉണ്ടാകും;

കോവിഡ് ഇഫക്ടാകാം, ഇന്ന് അവരെ കണ്ടില്ല.

പക്ഷേ നീന്തൽക്കാർക്ക് കുറവില്ല, കുട്ടികളും മുതിർന്നവരും.

ഭാരമുള്ള ബാഗ് താങ്ങി തീരത്തെ നടപ്പാതയിലൂടെ നീങ്ങി.

മരങ്ങൾ നിരയൊപ്പിച്ച് നിൽക്കുന്നു. ചെന്നു കയറുന്നത് ഒരു വൈൽഡ് ലൈഫ്

സാൻക്ച്വറിയിൽ. മഴ ചാറാൻ തുടങ്ങി, മണ്ണിന്റേയും കാട്ടുപൂക്കളുടെയും ഗന്ധം.

പറിക്കരുതെന്ന് മുന്നറിയിപ്പ്. ചതുപ്പിനു മുകളിൽ കെട്ടി ഉയർത്തിയ മരപ്പാത, വെട്ടിയൊരുക്കാതെ വന്യമായി വളരുന്ന സസ്യങ്ങൾ.

ഏതാനും സഞ്ചാരികൾ എതിരെ കടന്നു പോയി.

മഴ പെയ്യാൻ തുടങ്ങി. കുടയില്ല, ഓടിയൊളിക്കുന്നില്ല, നനയാനാണ് തീരുമാനം.

ശക്തി കൂടിയും കുറഞ്ഞും മഴ തുടർന്നു. മരപ്പാതയിൽ നിരീക്ഷണ സ്ഥലങ്ങൾ.

മഴയെ പഴിച്ച് കൂടണയുന്ന കിളികളും കാട്ടുതാറാവുകളും.

മുന്നോട്ടു നടന്നു. സസ്യങ്ങൾക്കിടയിലെ തുറന്നയിടത്ത് നിന്നു.

കാറ്റ് മുഖത്തെ തലോടി. ഓളം തുള്ളുന്ന വെള്ളം.

മാനത്ത് ഇടിമിന്നലിന്റെ വെള്ളിവരകൾ.

തിരിച്ചു നടക്കുമ്പോൾ തീരത്ത് കാലുകൾ മണ്ണിൽ പുതഞ്ഞു.

തീരം ആളൊഴിഞ്ഞ് ശാന്തം. പെയ്തു തീർന്നു കഴിഞ്ഞു.

മണലിൽ സൂര്യ സ്നാനം ചെയ്തു കിടന്നിരുന്ന ബിക്കിനി ധാരികളായ

തരുണികൾ എങ്ങോ പോയ് മറഞ്ഞു. തടാകതീരം ചേർന്ന് വീണ്ടും നടന്നു.

ലാൻഡ്സ്കേപി്‌ംഗിന്റെ കലാചാതുര്യം അനുപമം.

സെൻ രീതിയിൽ ഒരുക്കിയ ജലപാത, സൗമ്യമായ ഒഴുക്ക്,

ഒരു വൃത്തം പൂർത്തിയാക്കി ഉറവിടത്തിലേക്ക് മടങ്ങുന്ന ജലം.

ഇലച്ചാർത്തുകളിൽ മഴത്തുള്ളികൾ.

സർപ്പിളാകൃതിയിൽ കാർവ് ചെയ്ത ലഗൂണിൽ ഹരിത യാനങ്ങൾ.

വാസഗേഹങ്ങളുടെ പശ്ചാത്തലത്തിൽ അവ ജലത്തിൽ പ്രതിഫലിക്കുന്ന

കാഴ്ച ചേതോഹരം. മൺകൂനയുടെ ചരിവിൽ പേരറിയാത്ത പൂക്കളുടെ ഉൽസവം.

യോട്ട് ക്ളബ് കടന്ന് മരങ്ങൾ തിങ്ങി നിറഞ്ഞ സിറ്റി പാർക്കിൽ.

ഇനിയൽപം വിശ്രമം. തെരുവ് സംഗീതത്തിന് കാതോർത്ത് കായലിലേക്ക് നോക്കി അവിടെയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞു, ഇനി ഹോസ്റ്റലിലേക്ക് പോകാം.

കൂടണയൽ:

വെള്ളിയാഴ്ചയുടെ സായാഹ്ന ലഹരി നുരയുന്ന ഒരു പബ്ബിലേക്ക് നഗരവാസികളെ

കയറ്റി വിടുന്ന ഒരു യുവതി. നേരെ ചെന്ന് കയറാനാകില്ല.

അകത്തെ ഇരിപ്പിടത്തിന് പരിധിയുണ്ട്. ഊഴമാകുന്നതു വരെ പുറത്തു

കാത്തു നിൽക്കണം. കോവിഡാനന്തര കാലത്തെ നിയന്ത്രണങ്ങളിൽ ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നവരെ സമ്മതിക്കണം.

അടച്ചു പോകാതെ അതിജീവിക്കുന്നത് മഹാഭാഗ്യം എന്നേ കരുതേണ്ടൂ.

അവരെ പിന്നിട്ടു നടന്നു. ഗൂഗിൾ വഴികാട്ടി വഴിതെറ്റിച്ച് വഴിതിരിച്ചു വിട്ടു,

അത് ഉപകാരമായി. സായം സന്ധ്യയിൽ സൗന്ദര്യം തുളുമ്പുന്ന

കൊച്ചു വീടുകൾ നിരയായി നിൽക്കുന്ന തെരുവിലാണ് ചെന്നു കയറിയത്.

ജനൽപ്പടിയിൽ ഫ്ളവർ ബാസ്കറ്റുകൾ. പടിപ്പുരയിൽ വയലറ്റ് പൂക്കൾ.

വട്ടം ചുറ്റി നടന്നലഞ്ഞ് ഹോസ്റ്റലിൽ ചെന്നു കയറി ഒരു പട്ടിയുടെ കുര കേട്ട് ഞെട്ടി.

ഹോസ്റ്റൽ ജീവനക്കാരിയുടെ അരുമ. ഒരു വാതിലിനപ്പുറം ബന്ധിച്ചിരിക്കുന്നു.

ക്ഷീണിതനായ സഞ്ചാരിക്ക് വിശേഷപ്പെട്ട സ്വാഗതം.

കുളി കഴിഞ്ഞ് മുറിയിൽ കിടക്കയിൽ അമരുമ്പോൾ ആനന്ദം.

ഇന്ന് പന്ത്രണ്ട് കിലോമീറ്റർ നടന്നുവെന്ന് സംസങ് ഫോണിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. അലച്ചിലിന്റെ അവസാനം, പുറത്തു നിന്ന് വാങ്ങിയ സാൻഡ്വിച്ചും ക്രാഫ്റ്റ് ബിയറും ആസ്വദിച്ച്, നാളെയെന്തു കാണും എന്നാലോചിച്ച്

നിദ്രയിലേക്ക്.

തുടരും..