ഒക്കനാഗൻ വേനൽ - ഡിബിൻ റോസ് ജേക്കബിന്റെ മനോഹരമായ യാത്ര വിവരണം -Part 3

By: 600072 On: Nov 5, 2021, 6:11 AM

എഴുതിയത്: ഡിബിൻ റോസ് ജേക്കബ്, ബ്രിട്ടീഷ് കൊളംബിയ

കെലോവ്ന, ബ്രിട്ടീഷ് കൊളംബിയ, കാനഡ.

ഓഗസ്റ്റ് 2020, രണ്ടാം ദിനം, ഉച്ച കഴിഞ്ഞ്.

Kasugai gardens:

തെരുവിൽ തിരക്ക് കൂടുന്നു. പാർക്കിംഗ് സ്പെയ്സിനു കുറുകെ നടന്നു.

പൂക്കൂടകൾ തൂങ്ങുന്ന വിളക്കു കാലുകൾ എവിടെയും കാണാം.

പൂക്കളും മരങ്ങളും മിഴിവേകുന്ന സിറ്റി ഹാളിന്റെ അരികിലൂടെ ഒരു ജാപ്പനീസ് തോട്ടത്തിലേക്ക്. നഗരത്തിനുള്ളിൽ അതിരു കെട്ടി തിരിച്ച ഒരു പച്ചത്തുരുത്ത്. കെലോവ്നയും ജപ്പാൻ നഗരമായ കസുഗായിയും ചേർന്ന സംയുക്ത സംരംഭം. കസുഗായ് ഗാർഡൻ നഗരവാസികൾക്ക് തിരക്കിൽ നിന്നു മാറി ധ്യാനിക്കാനുള്ള ഇടമാണ്; ജപ്പാനിൽ നിന്ന് കൊണ്ടുവന്ന് നട്ട മരങ്ങൾ, കുറ്റിച്ചെടികൾ, പൂച്ചെടികൾ. മൃദുലമായ ആവാസവ്യവസ്ഥ.

അതുകൊണ്ട് സന്ദർശകരിൽ നിന്ന് ഉത്തരവാദിത്വമുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നു. തോട്ടത്തിൽ ജലത്തിന്റെ പ്രവാഹം. മലമുകളിൽ ഉത്ഭവിച്ച്, താഴേക്ക് പോകുമ്പോൾ ശക്തി നേടി, പുഴയിലും കടലിലും ലയിച്ച്, നീരാവിയായി മേഘമായി മാറി ഉറവിടത്തിലേക്ക് തിരിച്ചു പോകുന്നു. ബുദ്ധമത വിശ്വാസ പ്രകാരം

ഇത് ജനനം, വളർച്ച, മരണം, പുനർജന്മം. മൃദുലമെങ്കിലും അതിശക്തമായ ജലത്തിന്റെ പ്രകൃതം അരുവിയിൽ പ്രതിഫലിക്കുന്നു.

Water takes the form of the container and follows the path of least resistance.

കുളത്തിൽ വർണമൽസ്യങ്ങൾ, ചെറിയ വനപാതയിൽ പൈൻ മരങ്ങൾ, തേയിലച്ചെടികൾ. ഇതൊരു സെൻ ഗാർഡൻ. തിരയിളകുന്ന രീതിയിൽ വകഞ്ഞിട്ട വെളുത്ത മണലിൽ ദ്വീപുകൾ പോലെ കറുത്ത പാറകൾ. പ്രശസ്തമായ ഈ സെൻ ബിംബത്തിന്റെ അർത്ഥം ഇപ്പോളാണ് അറിയുന്നത്. വെളുത്ത മണൽ ശുദ്ധിയുടെ പ്രതീകം. ഒന്നുമില്ലായ്മയിൽ നിന്ന് ഉയിർ കൊള്ളുന്ന രൂപം.

Nothingness and form. Being and emptiness.

കറുത്ത ശിലകൾ പ്രഭവകേന്ദ്രങ്ങൾ. ചുറ്റും അലയടിക്കുന്ന സംസാര സാഗരം.

Ripples in cosmos. Ripples in consciousness.

സ്വസ്ഥമായി കുറേ നേരമിരുന്നു. മനസ്സ് തൂവൽ പോലെ ഭാരം കുറഞ്ഞു. വെള്ളമൊഴുകുന്ന ആരവം കേൾക്കാം. പാലം കടന്ന് സമൃദ്ധമായി വളരുന്ന പുല്ലിനെ കണ്ട്, ജലത്തിൽ പ്രതിഫലിക്കുന്ന നീലാകാശം കണ്ട് പുറത്തു കടന്നു.

Brewery vibes:

നഗരത്തിന്റെ ഹെറിറ്റേജ് ഏരിയ. ആദ്യ കാഴ്ചയിൽ തന്നെ വ്യത്യസ്തത വിളിച്ചോതുന്ന നിർമിതികൾ. തവിട്ടു ചായം പൂശിയ ഒരു ദേവാലയത്തിന്റെ ചുവരിൽ നഗര ചരിത്രത്തിന്റെ ചിത്രങ്ങൾ. നാലു മണിയോടെ ഒരു ബിയർ ബ്ര്യൂവറിയിൽ ചെന്നു കയറി.

Vice and virtue-കുടിലതയും ഗുണവും. Vibrant urban vibes!

അകത്തും പുറത്തുമായി നിലയുറപ്പിച്ച സഞ്ചാരികളുടെ ആരവം. ആകർഷകമായ കസ്റ്റമർ സർവീസ്. അഞ്ചു മിനിറ്റുനുള്ളിൽ മൂന്ന് ബാർടെൻഡർമാർ. കോവിഡ് പ്രമാണിച്ച് റസ്റ്ററന്റുകൾ ലാമിനേറ്റ് ചെയ്ത മെനു ഉപേക്ഷിച്ചു. ഇവിടെ QR Code സ്കാൻ ചെയ്താൽ മെനു PDF ആയി ഫോണിൽ കിട്ടും. യഥാർത്ഥ മെനുവിന്റെ ഫീൽ വേണ്ടവർക്ക് പ്രിന്റൗട്ട് തരും. ക്രാഫ്റ്റ് ബിയർ തെരഞ്ഞെടുക്കാം.

Raspberry live potion.

White lie pilsner

Giver pale ale.

Homewrecker hazy.

മനോഹരമായ പേരുകൾ. എല്ലാം ഓരോ ഗ്ളാസ് പോരട്ടെ. എന്നെ അറ്റൻഡ് ചെയ്യുന്ന സൗമ്യയായ പെൺകുട്ടി നാലു ഗ്ളാസ് ഘടിപ്പിച്ച വുഡ് ട്രേ കൊണ്ടു വന്നു. വർണരാജിയിൽ നാല് ചെറിയ ഗ്ളാസ് ബിയർ. പുളിയും, നാരങ്ങയും, പഴവും കാട്ടുപൂവും മരവും കല്ലും--മൂക്കിലും വായിലും നാവിലും ഇന്ദിയാനുഭൂതിയുടെ രസക്കൂട്ട് വിതറിയ പാനോൽസവം.

ത്രസിപ്പിച്ച സംഗീതം, മുറിയിൽ മുഴങ്ങുന്ന അവ്യക്തമായ സംഭാഷണ ശകലങ്ങൾ.

What an ambience!

ഗ്ളാസുകൾ ഒഴിയുന്നു. അവൾ വീണ്ടും വന്നു.

കഴിക്കാൻ എന്താ വേണ്ടത്? വീണ്ടും മെനു -Beef brisket burger.

എട്ട് മണിക്കൂറെടുത്ത് പുകച്ച ചെത്തിയരിഞ്ഞ ബീഫ്. ഹോം മെയ്ഡ് ബ്രിസ്കറ്റ് ബൺ, ബട്ടർ മിൽക്ക്, ബിബിക്യു സോസ്- മൂന്നാമത്തെ ഗ്ളാസ് തീർന്നപ്പോൾ അതുമെത്തി, അതീവ രുചികരം. The best ever dining out in Canada.

ബർഗറും സാലഡും രുചി മുകുളങ്ങളെ നൃത്തമാടിച്ച് അകത്തു പോയി. ഇവിടെ ടേസ്റ്റിംഗിന് പ്രത്യേക ഫീസില്ല. ഭക്ഷണ പാനീയങ്ങൾ ചേർത്ത് ഒരൊറ്റ ബിൽ. പണം കൊടുത്ത് നന്ദി പറഞ്ഞ് ഇറങ്ങി.

പുറത്ത് സഞ്ചാരികളുടെ നീണ്ട നിര.

ഉൽപന്നവും സേവനവും നല്ലതാണെങ്കിൽ പരസ്യം കുറവ് മതി, ഉപഭോക്താവ് പരസ്യം ചെയ്തു കൊള്ളും. മൗത്ത് പബ്ളിസിറ്റി!  അതൊന്നു വേറെ.

പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി തിരുനക്കരെ നിന്നും വരും!

Ecstatic sunset:

5:30 pm. Hot sands beach.

നഗര ഹൃദയത്തിൽ ഒക്കനാഗൻ തടാകത്തോട് ചേർന്ന ബീച്ചിലേക്ക് നടന്നു. പ്രകാശം നിറഞ്ഞ ഒരു ദിനത്തിന്റെ അവസാനം. ഉൽസവ പ്രതീതിയാണ്. മഹാവ്യാധി, പോകാൻ പറ. പാൻ ഫ്ളൂട്ടുമായി ഒരു വൃദ്ധൻ, സായംകാലത്തിന് മാധുര്യം. സൈക്കിൾ സവാരിക്കാരും റോളർ സ്കേറ്റർമാരും എന്നെ കടന്നു പോയി. ഇടതു വശത്ത്  മരത്തണലിൽ അൽപനേരം. നീലത്തടാകത്തിന്റെ പശ്ചാത്തലത്തിലെ നടപ്പാതയിൽ കാഴ്ചയുടെ ഫ്രെയിമിലേക്ക് വന്നുകയറി അപ്രത്യക്ഷരാകുന്ന മനുഷ്യർ. ഇരുമ്പ് ബഞ്ചിൽ മറുകരയിലെ മലമുകളിലേക്ക് കണ്ണു നട്ടിരിക്കുന്നവർ. ഹിറ്റ് ഗാനങ്ങൾ  ആലപിച്ച് അന്തിയെ ചടുലമാക്കുന്ന ഒരു ഗായിക.

വീണ്ടും പാതയിൽ കയറി നടന്നു. തടാകത്തിൽ സ്പീഡ് ബോട്ടിൽ മദിച്ച് തിമിർക്കുന്നവർ. കുടുംബത്തോടൊപ്പം മന്ദം നടക്കുന്ന പുരുഷൻമാർ. സായാഹ്ന ശോഭയെ പിടിച്ചെടുക്കുന്ന ഛായാഗ്രാഹകർ. ആസ്വദിച്ച് ഗ്വിറ്റാർ വായിക്കുന്ന ഒരു യുവതി.  ചെറിയൊരു കൂട്ടം കാണികളുണ്ട് ചുറ്റിനും.

താഴെ വച്ച തൊപ്പിയിൽ പണം വീഴുന്നു. ആഴം കുറഞ്ഞ തീരത്ത് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇൻഫ്ളേറ്റഡ് പ്ളേ ഏരിയ, കുട്ടികളുടെ കേളീരംഗം.

കുതിർന്ന മണ്ണിൽ കസേരയിട്ട് കാലു നനച്ച് പുസ്തകം വായിക്കുന്നവർ.

ബിക്കിനി ബീച്ച്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ടൂപീസിൽ പോസ് ചെയ്യുന്ന ഫിലിപ്പീനോ ടിനേജ് ഗേൾസ്. ബിക്കിനിയിൽ  ജലത്തെ തേടുന്ന അമ്മയും കുഞ്ഞും. ബോയ് ഫ്രൻഡിനൊപ്പം ശനിയാഴ്ചയെ സ്വർഗ തുല്യമാക്കുന്ന യുവതികൾ. പ്രായം പിന്നിട്ടെങ്കിലും ടൂപീസിനെ കൈവിടാത്ത വനിതകൾ.

ഇവിടെ അമിതമായി വസ്ത്രം ധരിച്ച അപൂർവം പേരിൽ ഒരാളാണ് ഞാൻ.

Not dressed for the occasion. I don't belong here.

ആവശ്യത്തിൽ അധികമുള്ള ഉടയാടകളിൽ എനിക്ക് ലജ്ജ തോന്നി.

ആനന്ദലഹരിയിൽ മുങ്ങുന്നവരിൽ ചിലർ എന്നെ ഒരു വിചിത്രജീവിയെ പോലെ നോക്കി. ഈ സുന്ദരസന്ധ്യയിൽ ജീൻസും ഷർട്ടും ധരിച്ച് ബാഗും തൂക്കി നടക്കുന്ന യെവൻ യാര്? ഇനിയൊരിക്കൽ ഷോർട്സിട്ട് വരണം. ഈ പ്രണയതീരത്തെ പൂന്തിരകളിൽമുങ്ങി നിവരണം. ബീച്ച് വോളി കണ്ട് അൽപ നേരം നിന്നു.

സൂര്യൻ തടാകത്തിൽ സ്വർണം പൂശി മലകളുടെ പിന്നിൽ മറഞ്ഞു.

തീരത്ത് പതുക്കെ തിരക്കൊഴിയുന്നു. പൂഴി മണ്ണിൽ ഇളം തിരകളെ പിന്തുടരുന്ന കടൽ കാക്കകൾ. തിരിച്ചു നടക്കുമ്പോൾ  പാർക്കിൽ BBQ പിക്നിക് പാർട്ടികളുടെ കൊതിപ്പിക്കുന്ന ഗന്ധം. കാലുകൾ വേദനിക്കുന്നു. ഹോസ്റ്റലിൽ ചെന്ന് ഷവറിനു കീഴിൽ സ്വാസ്ഥ്യം നേടി. ഇന്ന് നടന്നു തീർത്ത ദൂരം 18 കിലോമീറ്റർ.

സാൻഡ് വിച്ചിനൊപ്പം, രാവിലെ വാങ്ങിയ റെഡ് വൈൻ രണ്ടു കവിൾ കുടിച്ച് നിദ്രയെ തേടി. 

Also Read:  ഒക്കനാഗൻ വേനൽ - ഡിബിൻ റോസ് ജേക്കബിന്റെ മനോഹരമായ യാത്ര വിവരണം -Part 2

Also Read: ഒക്കനാഗൻ വേനൽ - ഡിബിൻ റോസ് ജേക്കബിന്റെ മനോഹരമായ യാത്ര വിവരണം - Part 1