
ചൊവ്വാഴ്ച നടന്ന അപകടവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ്, പ്രവിശ്യ അന്വേഷണങ്ങൾക്ക് പുറമേ കാനഡ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (ടി.എസ്.ബി) അന്വേഷണം നടത്തുന്നുണ്ട്. അപകടം നടക്കുമ്പോൾ 300 ഓളം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നതായി മെട്രോലിൻക്‌സ് വക്താവ് ജെയിംസ് വാട്ടി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ട്രെയിൻ പാതയിൽ കുട്ടി എങ്ങനെ എത്തിപ്പെട്ടു എന്ന് വ്യക്തമല്ല. എന്നിരുന്നാലും ആളുകൾ റെയിൽ പാളത്തിൽ പ്രവേശിക്കുന്നത് തടസ്സപ്പെടുത്താൻ മതിയായ സംവിധാനം ഇല്ലാത്തതിൽ ആശങ്കയുണ്ടെന്നും അപകടകരമായ രീതിയിൽ ധാരാളം കാൽനട യാത്രികർ ട്രാക്ക് മുറിച്ചു കടക്കുന്നതിനാൽ പ്രദേശത്ത് സംരക്ഷണ വേലി സ്ഥാപിക്കണമെന്നും അപകടത്തിന്റെ പശ്ചാത്തലത്തിൽ സമീപവാസികൾ ആവശ്യപ്പെട്ടിരുന്നു.
ഒന്റാരിയോ ഗതാഗത മന്ത്രി കരോലിൻ മൾറോണി മരിച്ച കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. കാനഡയിലുടനീളം 73,000 കിലോമീറ്ററിലധികം റെയിൽവേ ട്രാക്കുകൾ ഉണ്ടെങ്കിലും അവയിൽ കൂടുതലും സുരക്ഷാ വേലി ഇല്ലാത്തവയാണെന്ന് ഇഞ്ചുറി പ്രിവെൻഷനു വേണ്ടി പ്രവർത്തിക്കുന്ന കനേഡിയൻ ഓർഗനൈസേഷനായ പാരച്യൂട്ടിന്റെ സി.ഇ.ഒ പമേല ഫുസെല്ലി പറഞ്ഞു. എല്ലാ ട്രാക്കുകളിലും ഫെൻസിങ് സ്ഥാപിക്കുന്നത് പ്രയോഗികമല്ല. എന്നാൽ ഉയർന്ന ജനസംഖ്യയുള്ള സ്ഥലങ്ങളിലോ ഉയർന്ന തോതിലുള്ള ക്രോസിംഗ് നടക്കുന്ന ഇടങ്ങളിലോ ഇത്തരം വേലികൾ, സ്ഥാപിക്കുന്നത് ആളുകൾക്ക് സുരക്ഷ നൽകുമെന്ന് ഫുസെല്ലി കൂട്ടിച്ചേർത്തു.