മിസ്സിസാഗയിൽ ഗോ ട്രെയിനിടിച്ച് കുട്ടി മരിച്ചു

By: 600021 On: Jul 27, 2022, 1:46 PM

ഒന്റാരിയോയിലെ മിസ്സിസാഗയിൽ ഗോ ട്രെയിൻ തട്ടി നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം ദുണ്ടാസ് സ്ട്രീറ്റിൽ, കൗത്ര റോഡ് പ്രദേശത്തുവച്ചാണ് അപകടം നടന്നതെന്ന് മിസ്സിസാഗ ഫയർ ട്വിറ്ററിൽ അറിയിച്ചു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പീൽ പോലീസ് സ്ഥിരീകരിച്ചു. ട്രെയിൻ പാതയിൽ കുട്ടി എങ്ങനെ എത്തിപ്പെട്ടു എന്ന് വ്യക്തമല്ല. അപകടം നടക്കുമ്പോൾ ട്രെയിനിൽ 300 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി മെട്രോലിൻക്സ് വക്താവ് ജെയിംസ് വാട്ടി മാധ്യമങ്ങളെ അറിയിച്ചു.
 
ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തെക്കുറിച്ച് പീൽ പോലീസ് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.  കുട്ടി കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി മിസ്സിസാഗ മേയർ ബോണി ക്രോംബി ട്വീറ്റ് ചെയ്തു.
 
ആളുകൾ റെയിൽ പാളത്തിൽ പ്രവേശിക്കുന്നത്  തടസ്സപ്പെടുത്താൻ മതിയായ സംവിധാനം ഇല്ലാത്തതിൽ ആശങ്കയുണ്ടെന്നും ട്രാക്കുകൾക്ക് സമീപം അപകടകരമായ രീതിയിൽ ധാരാളം കാൽനടയാത്രക്കാർ നടക്കുന്നതിനാൽ പ്രദേശത്ത് സംരക്ഷണ വേലി സ്ഥാപിക്കാൻ നിവേദനം നൽകാനൊരുങ്ങുകയാണെന്നും സമീപവാസികൾ പറഞ്ഞു.