മാർച്ച് മാസത്തെ മിഡിൽ ഈസ്റ്റ് യാത്രയ്ക്കിടെയുള്ള ഗവർണർ ജനറലിന്റെ ഇൻ-ഫ്ലൈറ്റ് കാറ്ററിംഗ് ബില്ലിന്റെ ആകെ ചെലവ് യഥാർത്ഥത്തിൽ 80,367.19 ഡോളർ ആണെന്ന് ദേശീയ പ്രതിരോധ വകുപ്പ് (ഡി.എൻ.ഡി) അറിയിച്ചു. പാർലമെന്റിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 13,000 ഡോളർ കുറവാണ് ചെലവായത്.
ഗവർണർ ജനറൽ മേരി സൈമണും അവരുടെ അതിഥികളും മാർച്ച് 16 മുതൽ 24 വരെ മിഡിൽ ഈസ്റ്റിലേക്കും തിരിച്ചും നടത്തിയ വിമാനയാത്രയ്ക്കിടെ ഏകദേശം 100,000 ഡോളറോളം ഇൻഫ്ലൈറ്റ് കാറ്ററിംഗിനായി ചെലവാക്കിയതായി കൺസർവേറ്റീവ് എം.പി മൈക്കൽ ബാരറ്റ് ആരോപിച്ചിരുന്നു. ഗവർണർ ജനറലിന്റെ അന്താരാഷ്ട്ര യാത്രയിലെ ചിലവ് സംബന്ധിച്ച് ഗവണ്മെന്റിൽ നിന്ന് സുതാര്യത വേണമെന്ന ബാരറ്റിന്റെ ആവശ്യത്തെ തുടർന്നാണ് ചിലവ് സംബന്ധിച്ച് ഡി.എൻ.ഡി വിശദീകരണം നൽകിയത്.
2021 ജൂലൈയിൽ കാനഡയുടെ ഗവർണർ ജനറലായി നിയമിതയായ ശേഷം സൈമൺ നടത്തുന്ന രണ്ടാമത്തെ വിദേശ യാത്രയായിരുന്നു ഇത്. കാനഡയുടെ അന്താരാഷ്ട്ര നയതന്ത്ര ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് ഗവർണർ ജനറൽ വിദേശത്ത് ഔദ്യോഗിക, സന്ദർശനങ്ങൾ നടത്തുന്നത്.