ലിസ്റ്റീരിയ സാന്നിധ്യം: ഒന്റാരിയോയില്‍ വില്‍പ്പന നടത്തിയ എനോക്കി മഷ്‌റൂം തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ 

By: 600002 On: May 19, 2023, 7:37 AM

 

ലിസ്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്റാരിയോയിലും മറ്റ് പ്രവിശ്യകളിലും വിറ്റഴിച്ച എനോക്കി മഷ്‌റൂം തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. ബുധനാഴ്ച പുറപ്പെടുവിച്ച നോട്ടീസില്‍ 200 ഗ്രാം ഗോള്‍ഡന്‍ മഷ്‌റൂമിന്റെ എനോക്കി മഷ്‌റൂമിന്റെ എല്ലാ ബാഗുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. തിരിച്ചുവിളിച്ച ഉല്‍പ്പന്നം ഒന്റാരിയോയില്‍ വിറ്റഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും വില്‍പ്പന നടത്തിയിരിക്കാമെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. 

എനോക്കി മഷ്‌റൂം വാങ്ങിയവര്‍ അവ നശിപ്പിക്കുകയോ അല്ലെങ്കില്‍ വാങ്ങിയ സ്‌റ്റോറിലേക്ക് തിരികെ നല്‍കുകയോ ചെയ്യണമെന്ന് ഉപഭോക്താക്കള്‍ക്ക് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട അസുഖങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഛര്‍ദ്ദി, നിരന്തരമായ പനി, പേശി വേദന, കഠിനമായ തലവേദന എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത ഹെല്‍ത്ത് പ്രൊവൈഡര്‍മാരെ വിവരമറിയിക്കണമെന്ന് ഏജന്‍സി അറിയിച്ചു.