ബ്രഹ്മപുരത്ത് തീയണച്ചു; അഗ്നിരക്ഷാസേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം

By: 600021 On: Mar 15, 2023, 1:53 AM

ബ്രഹ്മപുരം  മാലിന്യ പ്ലാന്‍റിൽ തീപിടുത്തത്തെത്തുടർന്ന് ഉണ്ടായ വിഷപ്പുക  കൊച്ചിയെ വലച്ച സാഹചര്യത്തിൽ തീയണയ്ക്കാൻ  അക്ഷീണം പ്രവർത്തിച്ച അഗ്നിശമന സേനക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. ദിവസങ്ങളോളം പരിശ്രമിച്ച് തീ കെടുത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും  ഉറപ്പാക്കണമെന്ന്  സംസ്ഥാന  സർക്കാരിന്  ഹൈക്കോടതിയുടെ  നിർദ്ദേശം.  മാലിന്യ സംസ്കരണ വിഷയത്തിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കുമെന്നും  മൂന്നാർ അടക്കമുളള ഹിൽ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിനും സംവിധാനം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മാലിന്യ സംസ്കരണത്തിൽ ഇപ്പോഴുള്ള സാഹചര്യം മാറണമെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു. തീകെടുത്തിയ സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വ്യക്തമായതിനാൽ, ബ്രഹ്മപുരത്ത് പുതിയ ടെൻഡർ വിളിച്ചുവെന്ന് കോർപ്പറേഷൻ  കോടതിയെ അറിയിച്ചു. ഇതോടെ ടെൻഡർ വിശദാംശങ്ങൾ അറിയിക്കാൻ കോടതി കോർപ്പറേഷന് നിർദ്ദേശം നൽകി.  അതേസമയം, ബ്രഹ്മപുരത്ത് തീയണച്ചെങ്കിലും ജാഗ്രത തുടരുന്നതായി ജില്ലാ കലക്ടർ കോടതിയിൽ വിശദീകരണം നൽകി. ഫയർ ഫൈറ്റിങ് യൂണിറ്റുകൾ ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നതായും വായു നിലവാരം  കഴിഞ്ഞ ദിവസത്തെക്കാൾ  മെച്ചപ്പെട്ടുവെന്നും ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു.