ക്യൂബെക്കിലെ അംക്വി എന്ന ചെറുപട്ടണത്തിൽ തിങ്കളാഴ്ച്ച ഉണ്ടായ ട്രക് അപകടത്തിൽ മരിച്ച രണ്ടു പേരെ തിരിച്ചറിഞ്ഞു. ജീൻ ലാഫ്രനീർ (73), ജെറാൾഡ് കാരെസ്റ്റ് (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കൈക്കുഞ്ഞും മൂന്ന് വയസ്സ് പ്രായമായ ഒരു കുട്ടിയും അടക്കം ഒൻപത് പേരാണ് പരിക്കുകളുമായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റീവ് ഗാഗ്നൺ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കു നേരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കേസ് നടപടികൾ ഉണ്ടാകാനാണ് സാധ്യത.
പ്രഥമദൃഷ്ട്യാ ഇത് ഒരു ആസൂത്രിത ശ്രമം ആണെന്നു കരുതുന്നതായും പ്രതി ഇതിനു മുൻപ് പോലീസ് രേഖകളിൽ ഉൾപ്പെട്ടിട്ടില്ല എന്നും ക്യൂബെക്ക് പ്രവിശ്യയുടെ പോലീസ് വക്താവ് ക്ലൗഡെ ഡോയ്റോൺ അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് വരും ദിവസങ്ങളിൽ, ആവശ്യമായ മാനസിക പിന്തുണ ഉറപ്പ് വരുത്തുമെന്ന് പ്രസ്തുത മേഖലയിലെ മാനസിക ആരോഗ്യ വിഭാഗം മേധാവി ക്ലൗഡി ഡെഷേനെസ് പറഞ്ഞു.