ഓസ്‌കര്‍ വേദിയില്‍ 'നാട്ടു നാട്ടു'വിന്  ചുവടുവെച്ച് കാല്‍ഗറിയിലെ നര്‍ത്തകന്‍ 

By: 600002 On: Mar 14, 2023, 11:37 AM

95 ആം ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ഇന്ത്യക്ക് അഭിമാനമായി മാറിയ 'നാട്ടു നാട്ടു' വെന്ന ഗാനത്തിന് ഓസ്‌കര്‍ വേദിയില്‍ ചുവടുവെച്ച് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് കാല്‍ഗറി സ്വദേശിയായ ബില്ലി മുസ്തഫ എന്ന നര്‍ത്തകന്‍. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനത്തിലെ ചടുല നൃത്താവിഷ്‌കാരം 15 മിനിറ്റ് നേരത്തേക്ക് ഓസ്‌കര്‍ വേദിയെയും സദസ്സിലെ പ്രമുഖരെയും പുളകം കൊള്ളിച്ചു. ഇത് ഏറ്റവും മനോഹരമായ നിമിഷമായിരുന്നുവെന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും മുസ്തഫ പറഞ്ഞു. തന്റെ കഠിനമായ പരിശ്രമമാണ് ഓസ്‌കര്‍ വേദിയില്‍ ഇത്രയും ഊര്‍ജ്വസ്വലമായ നൃത്തം അവതരിപ്പിക്കാന്‍ തനിക്ക് സാധിച്ചതെന്ന് മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരമായ പരിശീലനത്തിന്റെ ഫലമാണ് തങ്ങളുടെ ഈ നൃത്തമെന്നും മുസ്തഫ വ്യക്തമാക്കി. 

കാല്‍ഗറിയിലാണ് മുസ്തഫ ജനിച്ച് വളര്‍ന്നത്. ഒരു മ്യൂസിക്കല്‍ തിയേറ്റര്‍ ക്ലാസ് ആയിരുന്നു നൃത്തത്തിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുറപ്പിച്ചത്. ഏഴ് വയസ്സുള്ളപ്പോള്‍ മുതല്‍ നൃത്തം ചെയ്യുന്ന മുസ്തഫയ്ക്ക് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ പ്രമുഖരുടെ മുന്നില്‍ നൃത്തം ചെയ്യാനുള്ള അവസരവും ലഭിച്ചു. അമാന്‍ഡ സ്റ്റര്‍റോക്ക് എന്ന നൃത്താധ്യാപികയുടെ പിന്തുണയിലും ശിക്ഷണത്തിലുമാണ് മുസ്തഫ വേഗത്തില്‍ പ്രാദേശിക ഡാന്‍സ് സ്‌കൂളില്‍ നിന്നും വേഗത്തില്‍ മനോഹരമായി നൃത്തം ചെയ്യാന്‍ പഠിച്ചത്. പിന്നീട് പല വേദികളിലും നൃത്തമവതരിപ്പിച്ചുവെങ്കിലും ഏറ്റവും വലിയ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിറവിലാണ് മുസ്തഫ.