ഡ്രൈവര്‍മാരുടെ വേതനം തടഞ്ഞുവെച്ചു; ബ്രാംപ്ടണ്‍ ട്രക്കിംഗ് കമ്പനിക്ക് നേരെ ഫെഡറല്‍ സര്‍ക്കാരിന്റെ അന്വേഷണം 

By: 600002 On: Mar 14, 2023, 10:17 AM

ദീര്‍ഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവര്‍മാരുടെ 115,000 ഡോളര്‍ വരുന്ന വേതനം തടഞ്ഞുവെച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ബ്രാംപ്ടണിലെ സോന്ദ് ഫ്രൈറ്റ് സിസ്റ്റംസ് ഇന്‍ക് എന്ന ട്രക്കിംഗ് കമ്പനിക്കെതിരെ ഫെഡറല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കാനഡ ലേബര്‍ കോഡിന്റെ പാര്‍ട്ട് 3 ല്‍ കമ്പനിക്കെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി കാനഡ ലേബര്‍ പ്രോഗ്രാം മാധ്യമങ്ങളോട് പറഞ്ഞു. മാസത്തില്‍ കൃത്യമായി വേതനം നല്‍കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജോലിക്ക് കയറിയത് മുതല്‍ പിന്നീട് ശമ്പളം നല്‍കിയില്ലെന്ന് കഴിഞ്ഞ വര്‍ഷം ഒരു ഡസനിലധികം മുന്‍ ജീവനക്കാര്‍ കൂട്ടമായി ചേര്‍ന്ന് എഴുതിയ കത്തിലൂടെ വ്യക്തമാക്കിയിരുന്നു. 

2022 നവംബര്‍ മുതല്‍ 115,000 ഡോളറില്‍ കൂടുതല്‍ വേതനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള 21 ഓളം പരാതികള്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഫെഡറല്‍ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഗവണ്‍മെന്റിന് സമര്‍പ്പിച്ചിരുന്നു. 

അതേസമയം, തൊഴിലാളികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും കമ്പനി പ്രതികരണം അറിയിച്ചിട്ടില്ല. ഇതിനിടയില്‍ കമ്പനി പുതിയ തൊഴിലാളികളെ നിയമിക്കുന്നത് തുടരുകയും മുന്‍ ഡ്രൈവര്‍മാര്‍ക്കുണ്ടായ അനുഭവം പുതിയ ജീവനക്കാര്‍ക്ക് ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കനേഡിയന്‍ ഗവണ്‍മെന്റിന്റെ ജോബ് ബാങ്കില്‍ സോന്ദ് ഫ്രൈറ്റ് സിസ്റ്റത്തിന്റെ ട്രക്ക് ഡ്രൈവര്‍ തസ്തികയിലേക്കുള്ള ജോബ് ലിസ്റ്റിംഗ് പ്രത്യക്ഷപ്പെട്ടിരുന്നു.