സമീപകാലങ്ങളിലായി നോര്‍ത്ത് വാന്‍കുവറില്‍ ആളുകളുടെ ശ്രദ്ധ തിരിച്ചുള്ള മോഷണങ്ങള്‍ വര്‍ധിക്കുന്നതായി ആര്‍സിഎംപി. ജനുവരി 26 നും മാര്‍ച്ച് 3 നും മോഷണങ്ങള്‍ നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രായമായവരെയാണ് മോഷ്ടാക്കള്‍ ലക്ഷ്യമിട്ടത്. വയോജനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പറ്റിക്കപ്പെടുമെന്നതിനാല്‍ തട്ടിപ്പുകാര്‍ വൃദ്ധരെ ശ്രദ്ധതിരിച്ച് പണം തട്ടാന്‍ കൂടുതലായി ശ്രമിക്കുന്നു.
ആളുകളുമായി സൗഹൃദം സ്ഥാപിച്ച് വര്‍ത്തമാനത്തിലൂടെ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് അവരുടെ പണമോ വാലറ്റോ ക്രെഡിറ്റ് കാര്‍ഡുകളോ മോഷ്ടിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
തട്ടിപ്പുകാരെ ട്രാക്ക് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. മോഷണങ്ങള്‍ തടയാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും ജാഗ്രത ഉണ്ടാകണമെന്നും സംശയാസ്പദമായ എന്തെങ്കിലും പരിചയമില്ലാത്തവരുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു.