കാനഡയില്‍ പുതിയ പേരന്റിംഗ് ബെനിഫിറ്റ് ഉടന്‍ നടപ്പിലാക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Mar 13, 2023, 1:03 PM

കാനഡയില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ കുഞ്ഞിനൊപ്പം വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കാനായി 15 ആഴ്ച അവധി നല്‍കുന്ന പുതിയ പേരന്റിംഗ് ബെനിഫിറ്റ് വരും മാസങ്ങളില്‍ നടപ്പിലാക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു. എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സിലെ പ്രധാന പരിഷ്‌കാരങ്ങള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും 15 ആഴ്ച അവധി അതില്‍ ഉള്‍പ്പെടുത്തുമെന്നും എംപ്ലോയ്‌മെന്റ് മിനിസ്റ്റര്‍ കാര്‍ല ക്വാല്‍ട്രോ പറഞ്ഞു. പുതിയ അഡോപ്റ്റീവ് പെരന്റ് ബെനിഫിറ്റാണ് അവതരിപ്പിക്കുന്നതെന്നും ഇതില്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്ന മാതാപിതാക്കളും ഉള്‍പ്പെടുന്നുവെന്നത് സവിശേഷതയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്ക് 15 ആഴ്ച അവധി ഏര്‍പ്പെടുത്തുമെന്ന് 2019 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ലിബറുകള്‍ വാദ്ഗാനം ചെയ്തതാണ്. എല്ലാവര്‍ക്കും ഇതുവഴി ഒരേ ആനുകൂല്യം ലഭ്യമാകുന്നുണ്ട്. എന്നാല്‍ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടു. 

നിലവിലെ എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് സമ്പ്രദായത്തിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് പാരന്റല്‍ ലീവ് ഒരു രക്ഷകര്‍ത്താവിന് 35 ആഴ്ച മുതല്‍ 40 ആഴ്ച വരെ ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുന്നത്.