കാനഡയില്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ വാര്‍ത്ത ആക്‌സസ് ചെയ്യാന്‍ സാധിച്ചേക്കില്ല: മെറ്റ 

By: 600002 On: Mar 13, 2023, 12:14 PM


ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിര്‍ദ്ദിഷ്ട ഓണ്‍ലൈന്‍ ന്യൂസ് ആക്ട് അതിന്റെ നിലവിലെ രൂപത്തില്‍ പാസായാല്‍ കാനഡയില്‍ ജനങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ വാര്‍ത്തകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. ബില്ലിലെ നിലവിലെ വ്യവസ്ഥകള്‍ കമ്പനിയെ അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കുമെന്ന് മെറ്റ വക്താവ് ലിസ ലാവെന്‍ച്വര്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ പോസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ക്കോ ഉള്ളടക്കത്തിനോ പണം നല്‍കാന്‍ നിര്‍ബന്ധിക്കുന്ന ഒരു നിയമനിര്‍മാണ ചട്ടക്കൂടാണിതെന്നും ഇത് തങ്ങളുടെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ബാധിക്കുമെന്നും മെറ്റ ചൂണ്ടിക്കാട്ടി.  

ബില്‍ സി-18 എന്നറിയപ്പെടുന്ന നിര്‍ദ്ദിഷ്ട നിയമത്തിനെതിരെ മെറ്റ, ഗൂഗിള്‍ പോലുള്ള ടെക് ഭീമന്മാര്‍ ദീര്‍ഘകാലമായി പോരാട്ടത്തിലാണ്. കനേഡിയന്‍ മീഡിയ കമ്പനികളുടെ ഉള്ളടക്കത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ അവതരിപ്പിച്ചിട്ടുള്ളത്. മെറ്റയും ഗൂഗിളും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.