ലോകാരോഗ്യ സംഘടന കോവിഡ്-19 ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ട് ശനിയാഴ്ച മൂന്ന് വര്‍ഷം തികയുമ്പോള്‍ കാനഡയില്‍ കോവിഡ് വ്യാപനം താരതമ്യേന സ്ഥിരത കൈവരിക്കുന്ന ഘട്ടത്തിലാണെന്ന് ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടാം. രാജ്യത്ത് ഒമിക്രോണ്‍ വേരിയന്റിന്റെ സ്ഥിരസാന്നിധ്യം ഉണ്ടെങ്കിലും ആശുപത്രി പ്രവേശനവും മരണവും കുറഞ്ഞതായും വരും മാസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തെരേസ ടാം പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും മരണങ്ങളും സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും ജനങ്ങളില്‍ പ്രതിരോധശേഷി ഉയര്‍ന്ന് സുസ്ഥിരവുമായ നിലയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈറസ് ക്ഷയിച്ചു വരികയാണെങ്കിലും ഇത് ആരോഗ്യ പരിപാലന സംവിധാനത്തെ തുടര്‍ന്നും ബാധിച്ചേക്കാമെന്നും ടാം മുന്നറിയിപ്പ് നല്‍കി.