കാല്‍ഗറിയിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കായി സൗജന്യ ബാസ്‌ക്കറ്റ്‌ബോള്‍ പ്രോഗ്രാം അവതരിപ്പിച്ച് ഫോറസ്റ്റ് ലോണിലെ യൂത്ത് എംപവര്‍മെന്റ് ആന്‍ഡ് സ്‌കില്‍സ് സെന്റര്‍( YES Centre). ഫ്രീ ഫ്രൈഡേ ബാസ്‌ക്കറ്റ്‌ബോള്‍(FFB) എന്ന പ്രോഗ്രാമിലൂടെ വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ ബാസ്‌ക്കറ്റ്‌ബോളില്‍ താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.
ഭാവിയില്‍ കഴിവുള്ള അത്‌ലറ്റുകളെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നതെന്ന് എഫ്എഫ്ബി സ്ഥാപകനായ ഗാര്‍ ഗാര്‍ പറഞ്ഞു. പ്രോഗ്രാമിനായി സ്‌കൂള്‍ ജിം വാടകയ്‌ക്കെടുക്കുന്നതിന് സിറ്റിയുടെയും സ്‌കൂള്‍ ബോര്‍ഡുകളുടെയും സഹകരണം തേടിയിട്ടുണ്ട്. പ്രോഗ്രാം വിജയകരമായാല്‍ തുടര്‍ന്ന് നഗരത്തിലുടനീളം വിപുലീകരിക്കാനാണ് പദ്ധതിയെന്ന് ഗാര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്ക് പരിശീലനത്തിനായി ഷൂസ്, ലഘുഭക്ഷണം എന്നിവ ലഭ്യമാക്കാന്‍ സഹായിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് സംഭാവനകള്‍ നല്‍കാമന്ന് ഗാര്‍ അറിയിച്ചു. ഒരു ലീഗ് കോച്ചിനെ നിയമിക്കാനും ഫണ്ട് സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.