ആശുപത്രികളില്‍ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം സ്ഥാപിക്കുമെന്ന്  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

By: 600021 On: Mar 12, 2023, 6:12 PM

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിൻ്റെ  പശ്ചാത്തലത്തില്‍  എറണാകുളം  ജില്ലയിൽ  രോഗാവസ്ഥയിലേക്ക് എത്താനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്താനും  പ്രതിരോധിക്കാനും വായു ഗുണ-നിലവാര തോത് നിരീക്ഷണ  സംവിധാനമൊരുക്കുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഏകാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളില്‍ ഇതിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം  ആരോഗ്യ വകുപ്പിൻ്റെ ആരോഗ്യ സര്‍വേയ്ക്ക്  ചൊവ്വാഴ്ച മുതല്‍ തുടക്കമാവും. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിൽ നേരിട്ടെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട  അസ്വസ്ഥതകള്‍ ഉള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സയും  ഉറപ്പാക്കും. എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകൾ  ആരംഭിക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകളും മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.