എച്ച്3 എൻ2; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം

By: 600021 On: Mar 12, 2023, 5:46 PM

എച്ച്3 എൻ2 രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ  ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. ഇൻഫ്ലുവൻസ വൈറസിന്‍റെ  വകഭേദമായ എച്ച്3 എൻ2  സാധാരണ പനിയിലും ചുമയിലും തുടങ്ങി, ന്യൂമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും മരണത്തിലേക്കും വരെയെത്തുമെന്നും  ഇതിനെതിരെ കൊവിഡിന് സമാനമായ മുൻകരുതൽ വേണമെന്നും  കേന്ദ്രം അറിയിച്ചു. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കാനും ആശുപത്രി സൗകര്യങ്ങൾ വിലയിരുത്താനും  ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും  കേന്ദ്രം നിർദ്ദേശം നൽകി. ഒന്നാംഘട്ടത്തിൽ  സാധാരണ പനിയും  രണ്ടാംഘട്ടത്തിൽ ന്യൂമോണിയയും , മൂന്നാംഘട്ടത്തിൽ ഗുരുതര  ശ്വാസകോശ രോഗവുമാണ് പ്രധാന ലക്ഷണം. ശ്വാസതടസ്സം, ഛർദ്ദി, നിരന്തരം പനി, എന്നിവ ശ്രദ്ധിക്കുക, രോഗലക്ഷണങ്ങളുള്ളവരുമായി കരുതലോടെ അടുത്തിടപഴകുക, ആൾക്കൂട്ടം ഒഴിവാക്കി മാസ്ക് ധരിക്കുക  കൈകഴുകൽ ശീലമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ രോഗത്തെ പ്രതിരോധിക്കാമെന്നാണ് കേന്ദ്രത്തിൻ്റെ നിർദ്ദേശം.