നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് തകർന്നു. ഉടമകളായ എസ്‍ വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ്, കമ്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി 175 കോടി ഡോളറിന്‍റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വിൽപന പ്രഖ്യാപിച്ചത് ബാങ്കിന്‍റെ ഓഹരിമൂല്യം ഇടിയുന്നതിലേക്ക് നയിച്ചിരുന്നു. സിലിക്കൺ വാലി സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പ് നിക്ഷേപകരുമായിരുന്നു എസ്‍ വി ബി ബാങ്കിന്‍റെ ഇടപാടുകാരിൽ ഏറെയും. ബാങ്ക് തകർന്നതോടെ നിക്ഷേപകരെല്ലാം ആശങ്കയിലാണ്. ബാങ്ക് ഓഫ് അമേരിക്കയടക്കമുള്ള മറ്റ് പ്രമുഖ ബാങ്കുകളുടെ ഓഹരി വിപണിയെയും സിലിക്കൺ വാലി ബാങ്ക് തകർച്ച ബാധിച്ചു.