അമിതമായ ഉപ്പ് ഉപയോഗം ലോകത്തെ നാശത്തിലേക്ക് നയിക്കുമെന്ന് ലോകാരോഗ്യ സംഘടന

By: 600021 On: Mar 12, 2023, 4:08 PM

ഉപ്പിൻ്റെ  അമിതമായ ഉപയോഗം ജീവഹാനി ഉണ്ടാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2025 ഓടെ ഉപ്പിൻ്റെ ഉപയോഗത്തിൽ 30 ശതമാനം കുറവ് വരുത്തണമെന്നും റിപ്പോർട്ട് പറയുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി   അനാവശ്യമരണങ്ങൾക്ക് കാരണമാകുന്നുവെന്നും  അതിൽ അമിതമായ സോഡിയമാണ് വില്ലനെന്നും ലോകാരോഗ്യ സംഘടന മേധാവി ഡോ. റ്റെഡ്‌റോസ് അധനോം ഗബ്രീയേസസ് പറഞ്ഞു. സോഡിയം ഉപയോഗം കുറച്ച് ഹൃദയാഘാതം,പക്ഷാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ  ഒരു രാജ്യങ്ങളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും രാജ്യങ്ങൾ ബെസ്റ്റ് ബയ്‌ പോളിസി സ്വീകരിക്കണമെന്നും ഡബ്ള്യു എച്ച് ഒ  ആവശ്യപ്പെട്ടു. ഒരു വ്യക്തി ഒരു ദിവസം ശരാശരി അഞ്ചു ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്ന് ആവശ്യപ്പെട്ട   ഡബ്ള്യു എച്ച് ഒ, സോഡിയം ഉപയോഗം ക്രമീകരിച്ചാൽ  2030 ഓടെ ആഗോളതലത്തിൽ  ഏകദേശം 7 മില്യൺ ജീവനുകൾ രക്ഷിക്കാനാവുമെന്നും വ്യക്തമാക്കി. സോഡിയം ഉപഭോഗം കുറയ്ക്കാനുള്ള രാജ്യങ്ങളുടെ ശ്രമത്തെ  വിലയിരുത്താൻ  ഡബ്ള്യു എച്ച് ഒ ഇതിനോടകം  സ്കോർ കാർഡും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളിൽ അഞ്ച് ശതമാനം മാത്രമേ സോഡിയം കുറയ്ക്കുന്നതിന് നിർബന്ധിതവും സമഗ്രവുമായ നയങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടുള്ളു.