യു.എസ് 'സൺഷൈൻ' നിയമം പാസാക്കിയാൽ കാനഡയിലെ ഡേ ലൈറ്റ് സമയ മാറ്റങ്ങൾ ഇല്ലാതാവും 

By: 600002 On: Mar 11, 2023, 1:55 PM

 

ശനിയാഴ്ച് രാത്രി മുതൽ കാനഡയിലെ ഡേ ലൈറ്റ് സേവിങ്ങിന്റെ ഭാഗമായി ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് പോവുകയാണ്. എന്നാൽ യു.എസ് 'സൺഷൈൻ' നിയമം പാസാക്കിയാൽ കാനഡയിലെ ഡേ ലൈറ്റ് സമയ മാറ്റങ്ങൾ പഴങ്കഥയാവും. ഡേ ലൈറ്റ് സമയമാറ്റം ഒഴിവാക്കുമെന്ന് കാനഡയിലെ വിവിധ പ്രവിശ്യകൾ വർഷങ്ങളായി വാഗ്ദ്ധാനം ചെയ്യുന്നുവെങ്കിലും യുഎസ് സംസ്ഥാനങ്ങളുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയെ തുടർന്ന് വാഗ്ദാനങ്ങൾ പ്രാബല്യത്തിൽ ഇത് വരുത്തിയിട്ടില്ല. 

ഡേ ലൈറ്റ് സമയ മാറ്റങ്ങൾ ഇല്ലാതാക്കുവാൻ യുഎസ് സെനറ്റർ മാർക്കോ റൂബിയോ സൺഷൈൻ പ്രൊട്ടക്ഷൻ ആക്റ്റ് കഴിഞ്ഞ ആഴ്ച വീണ്ടും അവതരിപ്പിച്ചിരുന്നു. ഫെഡറൽ ബിൽ പ്രാബല്യത്തിൽ വരുകയാണെങ്കിൽ, 
യു.എസ് സംസ്ഥാനങ്ങൾക്ക് ഡേ ലൈറ്റ് സമയ മാറ്റങ്ങൾ ഇല്ലാതാക്കുവാനുള്ള അധികാരം ലഭിക്കും. 2018-ൽ ആദ്യം നിർദ്ദേശിച്ച യുഎസ് ബിൽ കോൺഗ്രസിന്റെ ഇരുസഭകളിലൂടെയും കടന്നുപോകുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ മാർച്ചിൽ ഇത് സെനറ്റ് അംഗീകരിച്ചെങ്കിലും വോട്ടെടുപ്പിൽ ബിൽ സഭയിൽ പാസായിരുന്നില്ല.  

പ്രവിശ്യയിലെ  ഡേ ലൈറ്റ് സേവിങ് ഇല്ലാതാക്കുവാൻ ബീ.സി നാല് വർഷം മുമ്പ് നിയമനിർമ്മാണം പാസാക്കിയിരുന്നു. എന്നാൽ വാഷിംഗ്ടൺ, ഒറിഗോൺ, കാലിഫോർണിയ എന്നിവയിൽ മാറ്റം വരുത്തുന്നതിനെ ആശ്രയിച്ച് മാത്രമേ നിയമം പ്രാബല്യത്തിൽ വരികയുള്ളുവെന്ന് അന്നത്തെ പ്രീമിയർ ജോൺ ഹോർഗൻ അറിയിച്ചിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റിൽ സമയ മാറ്റം ഇല്ലാതായാൽ ഒന്റാരിയോയിലും അതേ നിയമം നടപ്പിലാക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചിട്ടുണ്ട്. പകൽ സമയം സ്ഥിരമാക്കാൻ തയ്യാറാണെന്ന് ക്യൂബെക്ക് പ്രീമിയർ ഫ്രാസ്വോയിസ് ലെഗോൾട്ടും അറിയിച്ചിട്ടുണ്ട്. .

ഡേ ലൈറ്റ് സേവിങ്സ് അനുസരിച്ചുള്ള സമയം മാറ്റം പിൻതുടരാത്ത കാനഡയിലെ രണ്ട് പ്രവിശ്യകളാണ്   യൂക്കോണും സസ്‌കാച്ചെവാനും.