ഒന്റാരിയോയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ടെക്‌നോളജി അല്ലെങ്കില്‍ ട്രേഡ് കോഴ്‌സുകള്‍ എടുത്ത് പഠിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍. 2024 സെപ്തംബര്‍ മുതല്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഗ്രേഡ് 9 ല്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ടെക്‌നോളജിക്കല്‍ എജ്യുക്കേഷന്‍ ക്രെഡിറ്റിന്റെ ഒരു കോഴ്‌സ് എടുക്കേണ്ടതുണ്ട്. ഇത് ഒരു വിദഗ്ധ തൊഴില്‍ മേഖലയിലെ കരിയറുകളിലേക്ക് പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന് ഡഗ് ഫോര്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഒന്റാരിയോ സെക്കന്‍ഡറി സ്‌കൂള്‍ ഡിപ്ലോമ ലഭിക്കുന്നതിന് ടെക്‌നോളജിക്കല്‍ എജ്യുക്കേഷന്‍ പാഠ്യപദ്ധതിയിലൂടെ അംഗീകരിക്കപ്പെട്ട നിരവധി കോഴ്‌സുകളില്‍ ഒന്ന് തെരഞ്ഞെടുക്കാമെന്ന് എജ്യുക്കേഷന്‍ മിനിസ്റ്റര്‍ സ്റ്റീഫന്‍ ലെക്‌സെ മിസിസാഗയില്‍ വെച്ച് നടന്ന പ്രഖ്യാപന വേളയില്‍ പറഞ്ഞു. കണ്‍സ്ട്രക്ഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മാനുഫാക്ച്വറിംഗ്, കമ്പ്യൂട്ടര്‍ ടെക്‌നോളജി, ഹോസ്പിറ്റാലിറ്റി, കമ്മ്യൂണിക്കേഷന്‍സ് എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലേതെങ്കിലും വിഷയം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി തെരഞ്ഞെടുക്കാം.
കൃത്യമായ കോഴ്‌സ് വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. സ്‌റ്റെമ്മിലും( സയന്‍സ്, ടെക്‌നോളജി, എഞ്ചിനിയറിംഗ് ആന്‍ഡ് മാത്ത്), വൈദഗ്ധ്യമുള്ള ട്രേഡുകളിലും നല്ല ജോലികളിലേക്കുമുള്ള പുതിയ പാതകള്‍ സൃഷ്ടിക്കുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.