തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം ഞായറാഴ്ച ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിൽ. തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആരംഭിക്കുന്ന പുരസ്കാരദാന ചടങ്ങിന് ലോകം ടെലിവിഷനിലൂടെ സാക്ഷ്യം വഹിക്കും. അവതാരകനായി ജിമ്മി കിമ്മൽ എത്തുന്ന ഓസ്കർ വേദിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വിജയികൾക്ക് പുരസ്കാരം സമ്മാനിക്കുന്ന ഇരുപത്തിയെട്ട് പേരിൽ ഒരാളായി ഇന്ത്യൻ സിനിമയുടെ അഭിമാനം ദീപിക പദുക്കോണും എത്തും. ലോകോത്തര താരങ്ങളുടെ തത്സമയ കലാപ്രകടനങ്ങളും അവാർഡ് നിശയിൽ മാറ്റേകും.
സ്റ്റീവൻ സ്പീൽബർഗും, ജയിംസ് കാമറൂണും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഓസ്കർ സാധ്യതാ പട്ടിക. ഗോൾഡൻ ഗ്ലോബ് നേട്ടത്തിന് പിന്നാലെ അക്കഡമി അവാർഡ് പ്രതീക്ഷിച്ച് RRR ലെ നാട്ടുനാട്ടു ഗാനം മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിക്കും. The fablemans എന്ന ചിത്രത്തിന് മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച നടി ഉൾപ്പെടെ 7 നാമനിർദേശങ്ങൾ ലഭിച്ചു. Everything Everywhere, All At Once എന്ന അമേരിക്കൻ ഹാസ്യ സയൻസ് ഫിക്ഷൻ സിനിമ 11 നാമനിർദേശങ്ങളും കരസ്ഥമാക്കി. മികച്ച സിനിമ വിഭാഗത്തിൽ Avatar the way of water, The fablemans,Elvis, Everything everywhere all at once, The banshees of insherin എന്നീ സിനിമകളും മികച്ച നടൻ വിഭാഗത്തിൽ എൽവിസിലെ ഓസ്റ്റിൻ ബട്‍ലർ, The Whale ചിത്രത്തിലെ ബ്രണ്ടൻ ഫ്രേസർ, The Banshees of insherin ചിത്രത്തിലെ കോളിൻ ഫാരൽ എന്നിവരും, മികച്ച നടി വിഭാഗത്തിൽ കെയ്റ്റ് ബ്ലാൻഷെറ്റ്, മിഷേൽ വില്യംസ്, മിഷേൽ യോ എന്നിവരും മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത All that breaths, കാർത്തികി ഗോൺസാൽവസിന്റെ The elephant whisperes എന്നിവയും മത്സരിക്കും.