സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിരീക്ഷണം ശക്തം: കരുതല്‍ വേണമെന്ന് ആരോഗ്യ മന്ത്രി

By: 600021 On: Mar 11, 2023, 1:48 AM

ചൂട് കൂടുന്ന സാഹചര്യത്തിൽ  പനി നിരീക്ഷണം ശക്തമാക്കാനും ഫീല്‍ഡുതല പ്രവര്‍ത്തനങ്ങൾ  കൃത്യമായി  റിപ്പോര്‍ട്ട്  ചെയ്യാനും നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോർജ്. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ ഇന്‍ഫ്‌ളുവന്‍സ പരിശോധനയ്ക്ക് അയയ്ക്കാനും മന്ത്രി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.  പനിയുടെ  ആരംഭത്തില്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യ ജാഗ്രത കലണ്ടര്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാൽ കരുതല്‍ വേണമെന്നും സൂര്യതാപമേൽക്കാതെ ജോലി സമയം ക്രമീകരിക്കണമെന്നും  ആരോഗ്യ വകുപ്പ് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. ശേഖരിച്ചു വയ്ക്കുന്ന വെള്ളം കൊതുകിൻ്റെ ഉറവിടമാകുന്നില്ലെന്ന്  ഉറപ്പാക്കുക, ആശുപത്രികള്‍ മരുന്ന് ലഭ്യത ഉറപ്പ് വരുത്തുക, അവബോധം ശക്തപ്പെടുത്തുക, മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുക,  നിപ പ്രതിരോധ ജാഗ്രത നിര്‍ദേശം നല്‍കുക തുടങ്ങിയ കാര്യങ്ങളും  മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച ആരോഗ്യ ജാഗ്രത നിര്‍ദേശം പുറത്തിറക്കുമെന്നും അവർ കൂട്ടിച്ചേർത്തു.