വിദേശതൊഴില്‍ തേടുന്ന കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന നോർക്ക റൂട്ട്സ് സംരംഭം ‘നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്’ മാർച്ച് 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്‍റർ എന്ന പേരിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനത്തോടൊപ്പം തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നോർക്ക റൂട്സിസ് ആസ്ഥാനകാര്യാലയത്തിനു സമീപം മേട്ടുക്കട ജംഗ്ഷൻ എച്ച്.ആർ ബിൽഡിങ്ങിലെ രണ്ടാം നിലയിലാണ് എൻ.ഐ.എഫ്.എൽ പ്രവർത്തനം തുടങ്ങുക. ബിപിഎൽ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം മാത്രം ഫീസ് അടച്ചാൽ മതിയാകും.