കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ കിംഗ്സ്റ്റണ്‍ ഒന്നാമത് 

By: 600002 On: Mar 10, 2023, 12:52 PM


കാനഡയില്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച  നഗരങ്ങളുടെ പട്ടികയില്‍ ഒന്റാരിയോയിലെ കിംഗ്സ്റ്റണ്‍ ഒന്നാം സ്ഥാനത്ത്. ധനകാര്യ കമ്പനിയായ Hello SAFE യുടെ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കിംഗ്സ്റ്റണിന് പിന്നാലെ മോണ്‍ട്രിയലും വാന്‍കുവറുമാണ് പട്ടികയിലുള്ളത്. വിദ്യാര്‍ത്ഥി ജീവിത നിലവാരം, അക്കാദമിക് മികവ്, പഠനച്ചെലവ് എന്നിവയാണ് റാങ്കിംഗിനായി പരിഗണിച്ചിരിക്കുന്നത്. കാനഡയിലുടനീളമുള്ള 47 ഓളം നഗരങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ചാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. 

യൂണിവേഴ്‌സിറ്റികളുടെ പ്രശസ്തി, ഉയര്‍ന്ന വിദ്യാര്‍ത്ഥി ജനസംഖ്യ എന്നിവ അടിസ്ഥാനമാക്കി കിംഗ്സ്റ്റണ്‍ 152 പോയിന്റുകള്‍ കരസ്ഥമാക്കി. ക്യുബെക്കിലെ ഷെര്‍ബ്രൂക്കാണ് നാലാം സ്ഥാനത്ത്. കാല്‍ഗറി, എഡ്മന്റണ്‍, ക്യുബെക്ക് സിറ്റി, സെന്റ് ജോണ്‍സ്, ഹാമില്‍ട്ടണ്‍, ടൊറന്റോ എന്നീ നഗരങ്ങള്‍ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി.