നഴ്‌സുമാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും കൂടുതല്‍ ചുമതലകള്‍ നല്‍കാനൊരുങ്ങി ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Mar 10, 2023, 12:34 PM

ഒന്റാരിയോയില്‍ നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കുന്നത് പരിഗണനയിലെന്ന് ഒന്റാരിയോ സര്‍ക്കാര്‍. ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രൊഫഷണലുകള്‍ക്ക് കൂടുതലായി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചോദ്യമാണ് ഇത്തരത്തില്‍ ചുമതല വിപുലീകരിക്കുന്നതിന് പിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഫാര്‍മസിസ്റ്റുകളുടെ പ്രാക്ടീസ് സര്‍ക്കാര്‍ അടുത്തിടെ വിപുലീകരിച്ചിട്ടുണ്ടെന്നും ചില സാഹചര്യങ്ങളില്‍ ചികിത്സ നിര്‍ദ്ദേശിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി സില്‍വിയ ജോണ്‍സ് പറഞ്ഞു. കൂടാതെ എംആര്‍ഐ, സിടി സ്‌കാനുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ദ്ദേശിക്കാന്‍ നഴ്‌സ് പ്രാക്ടീഷണര്‍മാരെ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ജോലിയുടെ കാലയളവ് സംബന്ധിച്ചും ഇത് എങ്ങനെ നിര്‍വചിക്കുമെന്നതിനെ സംബന്ധിച്ചും മറ്റ് വിവരങ്ങളൊന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല.