ലിംഗഭേദം രേഖപ്പെടുത്താത്ത ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ബീസി സര്‍ക്കാരിന്റെ നീക്കം  

By: 600002 On: Mar 10, 2023, 12:02 PM


ബ്രിട്ടീഷ് കൊളംബിയയില്‍ ലിംഗഭേദം അടയാളപ്പെടുത്താത്ത ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നീക്കം നടത്തുന്നതായി സര്‍ക്കാര്‍. നയം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ കാനഡയില്‍ തന്നെ ആദ്യമായി ലിംഗഭേദം രേഖപ്പെടുത്താത്ത പ്രവിശ്യയായി ബീസി മാറും. വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആക്ടിലെ ഭേദഗതികളിലൂടെ ഉടന്‍ ലിംഗഭേദം രേഖപ്പെടുത്താത്ത ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ജനങ്ങളെ അനുവദിക്കുന്ന നിയമം അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ലിംഗ വൈവിധ്യമുള്ളവരും ഇവര്‍ക്ക് വേണ്ടി വാദിക്കുന്നവരും സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. എങ്കിലും സര്‍ക്കാര്‍ ഇനിയും ഇതില്‍ നിന്നും മുന്നോട്ട് പേകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെടുന്നു. 

ലിംഗ ഭേദവുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും അത് ആക്‌സസ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന് ക്വിയര്‍, ട്രാന്‍സ് എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ക്യുമുനിറ്റിയിലെ ട്രാന്‍സ് ഐഡി ക്ലിനിക്കിന്റെ മേല്‍നോട്ടം വഹിക്കുന്ന ചെല്‍സി ബ്ലെയര്‍ പറയുന്നു. സര്‍ക്കാര്‍ ഐഡിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് നൂറുകണക്കിന് ഡോളര്‍ ചെലവാകും. കൂടാതെ മറ്റ് പ്രവിശ്യകളില്‍ ജനിച്ചവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയില്ലെന്നും ബ്ലെയര്‍ കൂട്ടിച്ചേര്‍ത്തു.