മരുന്നുപയോഗം കുറവ്; ആല്‍ബെര്‍ട്ടയില്‍ ആസ്മ നിരക്ക് കൂടുന്നു: പഠനം 

By: 600002 On: Mar 10, 2023, 11:33 AM

ആല്‍ബെര്‍ട്ടയില്‍ ആസ്മ രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ആസ്മ നിരക്ക് ഉയരുമ്പോഴും മരുന്ന് ഉപയോഗം കുറയുന്നതായാണ് കാണുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ പരിപാലന സംവിധാനത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണതയാണിതെന്നും സ്ഥിതി ആശങ്കാജനകമാണെന്നും ഉന്നത ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2009 നും 2020 നും ഇടയില്‍ ആല്‍ബെര്‍ട്ടയില്‍ ആസ്മ നിരക്ക് 50 ശതമാനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിതരണം ചെയ്ത മരുന്നുകളുടെ നിരക്ക് ഫാര്‍മസികളില്‍ അതേപടി തുടരുന്നതായും കുട്ടികള്‍ക്കുള്ള മരുന്ന് വിതരണം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആസ്മ മൂലം പ്രവിശ്യയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും വര്‍ധിച്ചു. കൃത്യമായ മരുന്ന് ഉപയോഗം ഇല്ലാത്തതാണ് ആശുപത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 2008 നും 2014 നും ഇടയില്‍ ശരാശരി 21,000 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.