കാല്‍ഗറിയിലെ ഒരു വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പടര്‍ന്നു;12 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമനസേന 

By: 600002 On: Mar 10, 2023, 10:17 AM


ബുധനാഴ്ച രാവിലെ കാല്‍ഗറിയുടെ വടക്കുകിഴക്കന്‍ ഭാഗത്തെ ഒരു വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പടര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലായി. മാര്‍കോംബ് ഡ്രൈവിലെ ഒരു വീട്ടില്‍ രാവിലെ 8 മണിയോടെയാണ് കാര്‍ബണ്‍ മോണോക്‌സൈഡ് പടര്‍ന്നത്. വാതകം പടര്‍ന്നതെവിടെ നിന്നാണെന്ന് കണ്ടെത്താന്‍ വീട്ടിലുള്ളവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഉടന്‍ 911 ല്‍ വിളിച്ച് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നുവെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടിലെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ 12 പേരെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി. 

സേനാംഗങ്ങള്‍ എത്തുമ്പോള്‍ വാതകത്തിന്റെ റീഡിംഗ് 130 പിപിഎം ആയിരുന്നു. ഇത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാല്‍ 200 പിപിഎമ്മില്‍ കൂടിയാല്‍ തലവേദന, ക്ഷീണം, ഓക്കാനം എന്നിവയ്ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ATCO  വരുന്നതിന് മുമ്പ് അഗ്നിശമന സേന വീട് വെന്റിലേറ്റ് ചെയ്തു. ആര്‍ക്കും പരുക്കുകളോ മറ്റ് അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീടുകളില്‍ സജീവമായ കാര്‍ബണ്‍ മോണോക്‌സൈഡ് അലാറം മാത്രമാണ് വാതകങ്ങള്‍ പടരുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഏക മാര്‍ഗ്ഗം.