ജോലിയും ചെയ്യാം വിദ്യാഭ്യാസവും പൂര്‍ത്തിയാക്കാം; ഗ്രേഡ് 11 വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ അപ്രന്റീസ് പ്രോഗ്രാം അവതരിപ്പിച്ച് ഒന്റാരിയോ 

By: 600002 On: Mar 9, 2023, 11:39 AM

ഗ്രേഡ് 11 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ഡ് ട്രേഡുകളില്‍ അപ്രന്റീസ്ഷിപ്പുകള്‍ക്കായി പുതിയ പ്രോഗ്രാം അവതരിപ്പിച്ച് ഒന്റാരിയോ സര്‍ക്കാര്‍. ജോലി ചെയ്തു കൊണ്ട് തന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നതാണ് പുതിയ പ്രോഗ്രാം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ അപ്രന്റീസ് ആയിരിക്കുമ്പോള്‍ ഒരു സെക്കന്‍ഡറി സ്‌കൂള്‍ ഡിപ്ലോമയിലേക്ക് ക്രെഡിറ്റ് നേടാന്‍ അനുവദിക്കുന്ന പദ്ധതിയാണിതെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്‌സെ പറഞ്ഞു.  വിദ്യാര്‍ത്ഥികളെ വേഗത്തില്‍ സ്‌കില്‍ഡ് ട്രേഡുകളില്‍ ചേര്‍ക്കുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ലെക്‌സെ പറയുന്നു. 

പ്രവിശ്യയിലെ തൊഴില്‍മേഖലകളിലേക്ക് കൂടുതല്‍ പേരെ ആവശ്യമായി വരുന്നുണ്ടെന്നാണ് ഇപ്പോഴുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2027 ഓടെ നിര്‍മാണ വ്യവസായ മേഖലകളില്‍ 72,000 പുതിയ തൊഴിലാളികളെ ആവശ്യമായി വരുമെന്നാണ് പ്രവിശ്യ പറയുന്നത്. 2026 ഓടെ അഞ്ചില്‍ ഒന്ന് തൊഴിലവസരങ്ങളും സ്‌കില്‍ഡ് ട്രേഡുകളിലായിരിക്കും. അതായത് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.