ഗ്യാങ് വയലന്‍സ്, ഗണ്‍ ക്രൈംസ് എന്നിവ കൈകാര്യം ചെയ്യുന്നതിന് പുതിയ യൂണിറ്റുകള്‍ അവതരിപ്പിച്ച് ആല്‍ബെര്‍ട്ട 

By: 600002 On: Mar 9, 2023, 10:33 AM

ആല്‍ബെര്‍ട്ടയിലുടനീളമുള്ള ഗുണ്ടാ, തോക്ക് ആക്രമണങ്ങള്‍ തടയുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിച്ച് ആല്‍ബെര്‍ട്ട. പ്രവിശ്യയില്‍ വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി ആല്‍ബെര്‍ട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌പോണ്‍സ് ടീമിന്(ALERT) കീഴില്‍ പുതിയ യൂണിറ്റുകള്‍ അവതരിപ്പിക്കുകയാണെന്ന് പബ്ലിക് സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് മിനിസ്റ്റര്‍ മൈക്ക് എല്ലിസ് പറഞ്ഞു. പ്രൊവിന്‍ഷ്യല്‍ ഗ്യാങ് സപ്രഷന്‍ യൂണിറ്റ്, ഫയര്‍ ആര്‍മ്‌സ് യൂണിറ്റ് എന്നീ രണ്ട് പോലീസ് യൂണിറ്റുകളാണ് രൂപീകരിച്ചിരിക്കുന്നത്. 

രണ്ട് യൂണിറ്റുകളും കാല്‍ഗറി പോലീസ് സര്‍വീസ്, ആര്‍സിഎംപി, ക്രിമിനല്‍ ഇന്റലിജന്‍സ് സര്‍വീസ് ആല്‍ബെര്‍ട്ട, ഫയര്‍ ആര്‍മ്‌സ് ലാബ് എന്നിവയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മൈക്ക് എല്ലിസ് അറിയിച്ചു. രണ്ട് യൂണിറ്റുകള്‍ക്കുമായി പ്രവിശ്യയുടെ 2023 ബജറ്റില്‍ നിന്ന് 4.4 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഘടിതവും ഗുരുതരവുമായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും പുതിയ രണ്ട് പോലീസ് യൂണിറ്റുകള്‍ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. 

2022 ല്‍ കാല്‍ഗറിയില്‍ വെടിവെയ്പ്പ് സംഭവങ്ങള്‍ 30 ശതമാനം ഉയര്‍ന്നുവെന്നും 126 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും സര്‍ക്കാരില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.