കാനഡയില്‍ വീടുകളുടെ വിലയും പലിശ നിരക്കും ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ രാജ്യത്ത് ഒരിക്കലും ഒരു വീട് സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് കരുതുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലെത്തിയതായി സര്‍വേ റിപ്പോര്‍ട്ട്. മോര്‍ട്ട്‌ഗേജ് പ്രൊഫഷണല്‍സ് കാനഡ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും തങ്ങള്‍ക്ക് ഒരു വീട് വാങ്ങിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നതായി പ്രതികരിച്ചു. താങ്ങാനാവുന്ന വിലയില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയും ഇടിവും, പലിശ നിരക്കുകള്‍ ഉയരുന്നതും വീട് വാങ്ങുന്നവരുടെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കുടുംബവുമായി താമസിക്കാന്‍ വീട് വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില വലിയൊരു തിരിച്ചടിയാണ്. പല നഗരങ്ങളിലും വീടുകളുടെ വില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. 33 ശതമാനം പേരും ഫാമിലി ഹോം വാങ്ങാന്‍ കഴിയില്ലെന്ന് വെളിപ്പെടുത്തി.
പണപ്പെരുപ്പത്തെക്കുറിച്ച് കാനഡയിലെ ജനങ്ങള്‍ ഉത്കണ്ഠാകുലരാണെന്നും സര്‍വേയില്‍ കണ്ടെത്തി. പ്രതികരിച്ചവരില്‍ 60 ശതമാനം പേരും പണപ്പെരുപ്പം സാമ്പത്തിക നിലയെ ബാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ആറ് മാസം മുമ്പുള്ളതിനേക്കാള്‍ 20 ശതമാനം വര്‍ധനവാണ് ഉണ്ടായത്.