കടലിലൂടെ യാത്ര ചെയ്ത് മൂന്ന് വര്‍ഷത്തോളം ജീവിതം ആസ്വദിക്കാനുള്ള പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ലൈഫ് അറ്റ് സീ ക്രൂയിസസ് എന്ന കമ്പനി. കേള്‍ക്കാന്‍ രസമുണ്ടെങ്കിലും പദ്ധതി അല്‍പ്പം ചെലവേറിയതാണ്. 209,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ പ്രതിവര്‍ഷം ഒരാള്‍ക്ക് 30,000 യുഎസ് ഡോളറാണ് ടിക്കറ്റ് നിരക്ക്. നവംബര്‍ 1 ന് ഇസ്താംബൂളില്‍ നിന്നുമാണ് ആദ്യ യാത്ര. എംവി ജെമിനി എന്ന ആഢംബര കപ്പലില്‍ മൂന്ന് വര്‍ഷത്തേക്കുള്ള യാത്രയ്ക്കായി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഏഴ് ഭൂഖണ്ഡങ്ങളും 135 രാജ്യങ്ങളും യാത്രയില്‍ സന്ദര്‍ശിക്കും. ലോകത്തുടനീളമുള്ള 375 തുറമുഖങ്ങളിലും കപ്പലിന് സ്റ്റോപ്പുകളുണ്ടാകും. ഇന്ത്യയിലെ താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഏഴ് അത്ഭുതങ്ങളും മറ്റ് പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കപ്പലില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരമുണ്ടാകും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 130,000 മൈല്‍ സഞ്ചരിക്കുന്ന കപ്പല്‍ 103 ഉഷ്ണമേഖലാ ദ്വീപുകളിലും സന്ദര്‍ശനം നടത്തുമെന്ന് കമ്പനി അറിയിച്ചു.
400 ഓളം ക്യാബിനുകളുള്ള കപ്പലില്‍ 1,074 പേര്‍ക്ക് യാത്ര ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.lifeatseacruises.com സന്ദര്‍ശിക്കുക.