പുതിയ തോക്ക് നിയന്ത്രിത നിയമം അവതരിപ്പിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍  

By: 600002 On: Mar 8, 2023, 12:14 PM


തോക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫെഡറല്‍ സര്‍ക്കാരിന്റെ നിലവിലെ നിയമത്തിനെതിരായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം അവതരിപ്പിച്ചു. തോക്കുകള്‍ കൈവശം വച്ചിരിക്കുന്നവരെ നിയന്ത്രിക്കുന്നതിന് പ്രവിശ്യയുടെ അധികാരം ശക്തിപ്പെടുത്തുന്നതാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ബില്‍ 8. കൈത്തോക്ക് ഉപയോഗം മരവിപ്പിക്കലും ആക്രമണ രീതിയിലുള്ള കൈത്തോക്കുകളുടെ നിരോധനവും ഉള്‍പ്പെടുന്ന ഫെഡറല്‍ ലിബറല്‍സിന്റെ ബില്‍ C-21 നെ ആല്‍ബെര്‍ട്ട ജസ്്റ്റിസ് മിനിസ്റ്റര്‍ ടൈലര്‍ ഷാന്‍ഡ്രോ വിമര്‍ശിച്ചു. 

ആര്‍സിഎംപി ഉദ്യോഗസ്ഥരെ കോണ്‍ഫിസ്‌കേഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നും പോലീസിംഗിനെ നിയന്ത്രിക്കുന്ന പ്രൊവിന്‍ഷ്യല്‍-ഫെഡറല്‍ കരാറിന് കീഴിലുള്ള ഇത്തരം നീക്കങ്ങളില്‍ പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യയുടെ നിയമം അനുസരിക്കുന്ന ആല്‍ബെര്‍ട്ടയിലെ തോക്ക് ഉടമകള്‍ക്ക്, ഫെഡറല്‍ സര്‍ക്കാര്‍ വെച്ച്പുലര്‍ത്തുന്ന ശത്രുതയ്‌ക്കെതിരെ പോരാടാന്‍ ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മാണത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 

തോക്ക് പിടിച്ചെടുക്കുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സ് നല്‍കാനും ഉടമകള്‍ക്ക് അവരുടെ തോക്കുകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഒരു സമിതി രൂപീകരിക്കാന്‍ ഈ നിയമം അനുവദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.