മെക്‌സിക്കോയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് യുഎസ് പൗരന്മാരെ മരിച്ച നിലയില്‍ കണ്ടെത്തി 

By: 600002 On: Mar 8, 2023, 10:46 AM

വടക്കന്‍ മെക്‌സിക്കോ നഗരമായ മാറ്റമോറോസില്‍ നിന്നും കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ നാല് യുഎസ് പൗരന്മാരില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. രണ്ട് പേര്‍ ജീവനോടെയുണ്ടെന്നും ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. സുരക്ഷാ സേന ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരുന്നുണ്ടെന്ന് തമൗലിപാസ് ഗവര്‍ണര്‍ അമേരിക്കോ വില്ലാര്‍റിയല്‍ അറിയിച്ചു. 

മാറ്റാമോറോസിന് കിഴക്ക് ഗ്രാമപ്രദേശത്താണ് യുഎസ് പൗരന്മാരെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ നാല് അമേരിക്കക്കാരെക്കുറിച്ചുള വിശദാംശങ്ങള്‍ പ്രോസിക്യുട്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ അറിയിച്ചു. ഒരു പ്രതി കസ്റ്റഡിയിലുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുന്ന് വാങ്ങാനായാണ് ടെക്‌സാസിലെ ബ്രൗണ്‍സ്‌വില്ലെ സ്വദേശികളായ നാല് പേര്‍ മെക്‌സിക്കോയിലെത്തിയത്.