കാനഡയില്‍ പുതിയതായി എത്തുന്നവര്‍ കൂടുതലായി വാടകതട്ടിപ്പുകള്‍ക്കിരകളാകുന്നുവെന്ന് കണക്കുകള്‍. തട്ടിപ്പ് നടത്തുന്നവര്‍ ഏറ്റവും ദുര്‍ബലരായ ആളുകളെയാണ് ലക്ഷ്യമിടുന്നത്. കാനഡയില്‍ പുതിയതായെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ തട്ടിപ്പുകാര്‍ ഇത്തരമാളുകളെ കൂടുതലായി ലക്ഷ്യമിടുന്നു. പരിചയമില്ലാത്തൊരിടത്തേക്കെത്തുമ്പോള്‍ അവിടെ കബളിപ്പിക്കാന്‍ ഒരുപാട് പേരുണ്ടാകും. വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ് നടത്തുന്നവര്‍ വീടിനായി അന്വേഷിക്കുന്നവരെ തട്ടിപ്പിനിരയാക്കി അവരില്‍ നിന്നും പണം തട്ടുന്ന ഒട്ടനവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കാല്‍ഗറിയിലെ ഇമിഗ്രന്റ് എജ്യുക്കേഷന്‍ സൊസൈറ്റി(TILES) പറയുന്നു.
ഭാഷ, ജീവിതശൈലി എന്നിവയുള്‍പ്പെടെയുള്ളവയാണ് പുതിയ കുടിയേറ്റക്കാര്‍ തട്ടിപ്പിനിരയാകാനുള്ള കാരണങ്ങളായി സൊസൈറ്റി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ വാടക രീതികളിലെ അജ്ഞതയും തട്ടിപ്പിന് സാധ്യത വര്‍ധിപ്പിക്കുന്നു.
വാടക തട്ടിപ്പുകള്‍ക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കണമെന്ന് സൊസൈറ്റി അധികൃതര്‍ പറയുന്നു. അഴിമതികള്‍ തടയുന്നതിനും തട്ടിപ്പുകാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും കാനഡയില്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.