ഒന്റാരിയോയില്‍ ഭവന വില കുറഞ്ഞേക്കാമെന്ന് പ്രവചനം

By: 600002 On: Mar 8, 2023, 9:41 AM


കഴിഞ്ഞ ഒരു വര്‍ഷമായി കടമെടുക്കല്‍ ചെലവ് വര്‍ധിച്ചതിനാല്‍ ഒന്റാരിയോയിലെ നഗരങ്ങളിലെ വീടുകളുടെ വിലയില്‍ ഇടിവുണ്ടായേക്കാമെന്ന് പ്രവചനം. ടൊറന്റോയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വീടുകളുടെ വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പലിശ നിരക്ക് വര്‍ധനയും വിതരണത്തിലെ പ്രതിസന്ധികളുമുള്‍പ്പെടെയുള്ള സമീപകാല സ്ഥിതിവിശേഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒന്റാരിയോ ഭവന വിപണിയില്‍ മാറ്റങ്ങളുണ്ടായതായി ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനി ഡെസ്ജാര്‍ഡിന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിലെ മറ്റ് പ്രവിശ്യകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്റാരിയോയില്‍ ഏറ്റവും വലിയ ഇടിവാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 25 ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 

വിന്‍ഡ്‌സര്‍, ഒഷാവ, സഡ്ബറി, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാന്‍ഡെമിക് സമയത്ത് വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഭവന വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുന്നത് പതുക്കെയായിരിക്കും. 

ബാന്‍ക്രോഫ്റ്റില്‍ വര്‍ഷാവസാനത്തോടെ ഭവന വിലയില്‍ കുത്തനെ ഇടിവുണ്ടാകുമെന്നാണ് (50 ശതമാനം) പ്രതീക്ഷിക്കുന്നത്. നോര്‍ത്തംബര്‍ലാന്‍ഡ് ഹില്‍സ്, വുഡ്‌സ്‌റ്റോക്ക്-ഇംഗര്‍സോള്‍, ഗ്രേ ബ്രൂസ് ഓവന്‍ സൗണ്ട്, മസ്‌കോക ആന്‍ഡ് ഹാലിബര്‍ട്ടണ്‍, ഡര്‍ഹാം, ഗള്‍ഫ്, പീറ്റര്‍ബറോ, ബാരി, ഒറിലിയ, കിച്ചനര്‍, നയാഗ്ര എന്നിവടങ്ങളിലും ഇടിവ് പ്രതീക്ഷിക്കുന്നതായി കമ്പനി ചൂണ്ടിക്കാണിക്കുന്നു.