അഫ്​ഗാൻ വനിതയ്ക്ക് ​ഗുജറാത്ത് സർവകലാശാലയിൽ സ്വർണമെഡൽ 

By: 600021 On: Mar 8, 2023, 4:05 AM

​ഗുജറാത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി റസിയ മുറാദി എന്ന അഫ്​ഗാൻ വനിത. വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നും എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷനിലാണ്  മുറാദി സ്വർണമെഡൽ നേടി‌യത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്​ഗാനിൽ നിന്നെത്തിയാണ് ഇവർ ഈ നേട്ടം കരസ്ഥമാക്കിയത്. താൻ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാൻ  സ്ത്രീകളെ പ്രതിനിധീകരിക്കുന്നു, അവസരം ലഭിച്ചാൽ സ്ത്രീകൾക്ക് ഏത് മേഖലയിലും മികവ് പുലർത്താൻ കഴിയുമെന്ന് താലിബാനെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും റസിയ മുറാദി പറഞ്ഞു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് വിലക്കിയ താലിബാൻ  നടപടി ലജ്ജാകരമാണെന്നും  തനിക്ക്  അവസരം നൽകിയ ഇന്ത്യൻ ഗവൺമെന്‍റ് , ഐസിസിആർ, വിഎൻഎസ്ജിയു, ഇന്ത്യയിലെ ജനങ്ങൾ എന്നിവരോട്  കടപ്പാട് ഉണ്ടെന്നും റസിയ  അറിയിച്ചു. 2022 ഏപ്രിലിൽ  എംഎ പൂർത്തിയാക്കിയ റസിയ  ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ  (ഐസിസിആർ) സ്‌കോളർഷിപ്പോടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 14,000 വിദ്യാർത്ഥികളാണ് ഇന്ത്യയിൽ പഠിക്കുന്നത്.