''സാറ് പറയണത് അനുസരിച്ച് പോയാൽ..,' ഇലകൊഴിയും കാലം.' ഭാഗം-3

By: 600009 On: Mar 7, 2023, 2:00 PM

Written by, Abrham George, Chicago.

ലളിത, ചെറിയ പുള്ളിയല്ല, അച്ഛൻ പോലീസിൽ ഡി.വൈ.എസ്.പിയും അമ്മ താലൂക്കാഫീസിലെ സൂപ്രണ്ടുമാണ്. എനിക്കാണങ്കിലോ കഞ്ഞി കുടിച്ച് കിടക്കാനുള്ള പാങ്ങ് പോലും കഷ്ടിയായിരുന്നു. സൈക്കിൾ ഷാപ്പിൽ നിന്നും കിട്ടുന്ന വരുമാനം കുറഞ്ഞിരുന്നു. അപ്പൻ കള്ള് ഷാപ്പിലേക്കുള്ള പോക്ക് നിർത്തി, പെട്ടന്ന് ലഹരിപിടിക്കുന്ന പട്ടഷാപ്പിലേക്ക് മാറി.

മൂത്ത രണ്ടു പെങ്ങന്മാര്, കിട്ടിയ ആൺ പിള്ളേരുടെ കൂടെയിറങ്ങി പോയി. കാണാൻ കുറച്ച് ശേലുള്ളത് കൊണ്ട്, അവർ, അവരെ നന്നായി നോക്കുന്നുണ്ട്. അവർ ഇടക്ക് വരുമ്പോളാണ് അപ്പൻ ബ്രാണ്ടി കുടിക്കുന്നത്, ഞങ്ങൾക്ക് വയറ് നിറച്ച് ഭക്ഷണം കിട്ടുന്നതും. അന്ന് വീട്ടിൽ ഒരു ഉത്സവ പ്രതീതിയാണ്.

രണ്ടു ദിവസം കഴിഞ്ഞ് ഞാൻ ലളിതയുടെ വീട്ടിലെത്തി. നല്ല രീതിയിൽ പടുത്തുയർത്തിയ ഇരുനില കെട്ടിടം. മുറ്റം നിറയെ പലതരം ചെടികൾ നട്ട് വളർത്തിയിരിക്കുന്നു. 'ലളിതാഭവനം' മെന്ന് എഴുതിയ സ്വർണ്ണ നിറത്തിലുള്ള ഒരു ബോർഡ് തൂക്കിയിരിക്കുന്നു. ഞാൻ എന്താ വേണ്ടേയെന്ന് ശങ്കിച്ച്, കുറച്ചു നേരം അവിടെ നിന്നു. പെട്ടന്നാണ് ശബ്ദം കേട്ടത്

"എന്താ ജോണി അവിടെ നിൽക്കുന്നത്, അകത്തേക്ക് കയറി വാ " ലളിതയുടെ അമ്മയാണ്.

ഞാൻ വരാന്തയിലേക്ക് കയറി നിന്നു. ലളിതക്ക് എന്തോ ലജ്ജ പോലെയെനിക്ക് തോന്നി. അപ്പോൾ അവളുടെ അമ്മ പറഞ്ഞു

"മോളെ നിനക്ക് അറിയാവുന്നത് പറഞ്ഞ് കൊടുക്ക്, ഗതിയില്ലാഞ്ഞിട്ടല്ലേ ജോണി നിൻ്റെ അടുത്ത് വന്നത്. "

അകത്തേക്ക് പോകുന്ന വഴി അവർ പറഞ്ഞു...,

"മോളെ ജോണിക്ക് ചായ കൊടുക്കണ'ട്ടോ, അവനിന്ന് ഒന്നും കഴിച്ച് കാണില്ല."

സത്യമാണ് പറഞ്ഞത്. കാര്യമായി ഒന്നും ഇന്ന് കഴിക്കാനുണ്ടായിരുന്നില്ല. ഇന്ന് മാത്രമല്ല പലപ്പോളും അങ്ങനെ തന്നെയാണ്. കുടുംബത്തിൽ അഷ്ടിക്ക് വകയുണ്ടായിരുന്നില്ല. അകത്തെ മുറിയിലേക്കവൾ എന്നെ വിളിച്ചിരുത്തി. അവൾ പറഞ്ഞു

"എനിക്കറിയാവുന്നതിലും കൂടുതൽ ജോണിക്കിറയാം. ഞാനെന്ത് പറഞ്ഞ് തരാനാണ്.''

ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു. ഇരുനിറം നീണ്ട മിഴികൾ ശ്രദ്ധ ആകർഷിക്കുന്ന നാസിക, മെലിഞ്ഞ ശരീരം. അവളെ തന്നെ നോക്കിയിരുന്നപ്പോൾ ലളിത ചോദിച്ചു..,

"നീ എന്നെ കാണാൻ വന്നതാണോ? അതോ പഠിക്കാൻ വന്നതോ?"

പ്രായത്തിൽ കൂടുതൽ പക്വത അവൾ കാണിക്കുന്നത് കണ്ട് എൻ്റെ തൊണ്ട വരണ്ടുപോയി. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അവൾ തുടർന്നു....,

" എൻ്റെയടുത്ത് വന്നാൽ, നീ പാസ്സാകാനൊന്നും പോണില്ല. എങ്ങനെയെങ്കിലും പഠിച്ച് പാസാകാൻ നോക്ക്. അല്ലാതേ.. "

"നിനക്ക് സൗന്ദര്യം കൂടിപ്പോയതാണ് പ്രശ്നം. ഇത്രേം വേണ്ടായിരുന്നു. അതു കൊണ്ടായെനിക്ക് മൂഡ് കിട്ടാത്തത്. നിന്നെ കല്യാണം കഴിച്ചാൽ, എനിക്ക് പെട്ടെന്ന് ജോലി കിട്ടിയേനെ?"

"അതെങ്ങനെ?" അവൾ ചോദിച്ചു.

"നീ ഷെഡ്യൂൾ കാസ്റ്റ് ആയതു കൊണ്ട്. "

"അച്ഛൻ പോലീസ് ആണെന്ന് ഓർമ്മ വേണം. ഇടിച്ച് സൂപ്പാക്കി കളയും."

"എന്നെ തല്ലിക്കൊന്നാൽ പോലും ആരും ചോദിക്കാനുണ്ടാവില്ല. എല്ലാം വിധിയെന്നോർത്ത് വീട്ടുകാർ ആശ്വസിക്കും. വീട്ടിലെ സ്ഥിതി മഹാമോശമാണ് ലളിതേ.. എനിക്ക് പഠിക്കണമെന്നുണ്ട്, എത്രത്തോളം എത്തുമെന്നറിയില്ല."

അവളുടെ മിഴികളിൽ നനവ് പടരുന്നത് ശ്രദ്ധിച്ചു.,

"ജോണി, നിനക്ക് ഞാനൊരു ട്യൂഷൻ ഏർപ്പാടാക്കിത്തരാം. ഞാൻ പോകുന്ന പോറ്റി സാറിൻ്റെയടുത്ത്. "

"ഫീസ് കൊടുക്കാൻ എൻ്റെ കൈയിൽ പണം കാണില്ലാ ലളിതേ.. "

"നീ ഫീസ് കൊടുക്കണ്ട, സാറ് ഫ്രീയായിട്ടും പഠിപ്പിക്കുന്നുണ്ട്. അതൊക്കെ ഞാൻ പറഞ്ഞ് ശരിയാക്കാം.. നീ റെഡിയാണോ? "

"ഞാൻ റെഡി, എനിക്ക് പഠിക്കണം ലളിതേ. അതിന് എന്ത് കഷ്ടപാടും സഹിക്കാനും ഞാൻ തയ്യാറാണ്. നീ അതൊന്ന് പറഞ്ഞ് ശരിയാക്കി തന്നാൽ മതി."

"ഞാൻ പറഞ്ഞാൽ സാറ് കേൾക്കാതിരിക്കില്ല. അല്ലെങ്കിലും സാറവിടെ ഫ്രീയായിട്ട് ട്യൂഷൻ എടുക്കുന്നുണ്ട്. സാറിന് പൈസയുടെ കാര്യത്തിൽ നിർബന്ധമൊന്നുമില്ല. നല്ലപോലെ പഠിക്കണ കുട്ടികളായിരിക്കണം. ഒഴപ്പരുത്, അത് മാത്രം സാറ് സഹിക്കില്ല. നിനക്ക് വായ്നോട്ടം കുറച്ച് കൂടുതലാണന്നല്ലേയുള്ളു, പഠിക്കണമെന്ന ആഗ്രഹമുണ്ടല്ലോ? അതു മതി. സാറ് പറയണത് അനുസരിച്ച് പോയാൽ, നിനക്ക് മുകളിലേക്കും പഠിക്കാൻ കഴിയും."

-----തുടരും----------