കാനഡയിലുടനീളമുള്ള വിമാനത്താവളങ്ങളില്‍ എയര്‍പോര്‍ട്ട് ഫീസ് വര്‍ധിപ്പിച്ചു

By: 600002 On: Mar 7, 2023, 10:58 AM

കോവിഡ് പാന്‍ഡെമിക്ക് മൂലം വരുമാനം കുറയുകയും കാനഡയിലുടനീളമുള്ള വിമാനത്താവളങ്ങള്‍ കൂടുതല്‍ കടത്തിലേക്ക് നീങ്ങുകയും ചെയ്തതിന് ശേഷം കനേഡിയന്‍ എയര്‍പോര്‍ട്ടുകളില്‍ എയര്‍പോര്‍ട്ട് ഫീസ് വര്‍ധിപ്പിച്ചു. കനേഡിയന്‍ വിമാനത്താവളങ്ങള്‍ ഏകദേശം 3.2 ബില്യണ്‍ ഡോളര്‍ സംയോജിത കടത്തില്‍ ചേര്‍ത്തതിന് പിന്നാലെ കോവിഡ് പാന്‍ഡെമിക്ക് എത്തിയത് എയര്‍പോര്‍ട്ട് മേഖലയുടെ താരതമ്യേന സുസ്ഥിരമായ ബിസിനസ് മോഡലിനെ തടസ്സപ്പെടുത്തിയതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഡിബിആര്‍എസ് മോണിംഗ്‌സ്റ്റാര്‍ പറയുന്നു. ഇത് എയര്‍പോര്‍ട്ടിലെ വരുമാനത്തെ സാരമായി ബാധിച്ചു. 

പാന്‍ഡെമിക്കിന്റെ മൂര്‍ധന്യത്തില്‍ കാര്യമായ സാമ്പത്തിക സഹായം ലഭിച്ച അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്തമായി, കനേഡിയന്‍ സര്‍ക്കാരിന്റെ സബ്‌സിഡികള്‍ കൂടുതലായും ലഭിച്ചത് എയര്‍പോര്‍ട്ട് അതോറിറ്റികളേക്കാള്‍ എയര്‍ലൈനുകള്‍ക്കാണെന്ന് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. 

പാന്‍ഡെമിക്ക് സമയത്ത് ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ട് തവണ എയര്‍പോര്‍ട്ട് ഇംപ്രൂവ്‌മെന്റ് ഫീസ് 5 ഡോളര്‍ മുതല്‍ 35 ഡോളര്‍ വരെ വര്‍ധിപ്പിച്ചു. 2021 ല്‍ മോണ്‍ട്രിയലിലെ പിയറി എലിയറ്റ് ട്രൂഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഫീസ് 30 ഡോളറില്‍ നിന്നും 35 ഡോളറായി വര്‍ധിച്ചു. അടുത്തമാസം ഒന്നാം തിയതി ഓരോ യാത്രക്കാരനും 10 ഡോളര്‍ വീതം 30 ഡോളറായി എയര്‍പോര്‍ട്ട് ഇംപ്രൂവ്‌മെന്റ് ഫീസ് ഉയര്‍ത്താനുള്ള പദ്ധതിയിലാണ് റെജിന എയര്‍പോര്‍ട്ട് അതോറിറ്റി.