കാനഡയിലെ അഡിയ ലെയ്‌ലിന്‍, അഡ്രിയാല്‍ ലൂക്കാ നടരാജ എന്നീ ഇരട്ടക്കുഞ്ഞുങ്ങള്‍ അതിജീവനത്തിന്റെ പാതയിലാണ്. മാസം തികയാത്തതിനാല്‍ ജനനസമയത്ത് ജീവന്റെ തുടിപ്പുകള്‍ ഉണ്ടാവില്ലെന്ന് കരുതിയ ഇവര്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തില്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 2022 മാര്‍ച്ച് 4 ന് ഒന്റാരിയോയില്‍ 22 ആഴ്ച ഗര്‍ഭാവസ്ഥയിലാണ് ഷക്കീന രാജേന്ദ്രം എന്ന അമ്മ ഇരട്ടകളായ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. നിശ്ചയിച്ച തിയതിക്ക് 126 ദിവസം മുമ്പ് ജനിച്ച ഇരട്ടക്കുട്ടികള്‍ നേരത്തെ ജനിച്ച ഇരട്ടക്കുട്ടികള്‍ എന്നതിന്റെ റെക്കോര്‍ഡ് തകര്‍ത്തു. മുന്‍ റെക്കോര്‍ഡ് 125 ദിവസമായിരുന്നു. കൂടാതെ അഡിയയ്ക്ക് 330 ഗ്രാമും അഡ്രിയാലിന് 420 ഗ്രാമും ആയിരുന്നു ഭാരം. ജനന സമയത്ത് ഏറ്റവും ഭാരം കുറഞ്ഞ ഇരട്ടക്കുട്ടികള്‍ എന്ന വിശേഷണവും ഇവര്‍ക്ക് ലഭിച്ചു.
ഷക്കീന രാജേന്ദ്രത്തെ ടൊറന്റോയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടെ നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 22 ആഴ്ചയ്ക്ക് മുമ്പ് ജനിച്ചാല്‍ ഇരട്ടകളുടെ അതിജീവന സാധ്യത കുറവാണെന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പറയുന്നു. എന്നാല്‍ ഷക്കീന പ്രതീക്ഷ കൈവിട്ടില്ല. 22 ആം ആഴ്ചയില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ പരമാവധി ശ്രമങ്ങള്‍ നടത്തി. ആറ് മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു. ഒടുവില്‍ ഏവരെയും അത്ഭുതപ്പെടുത്തി അവര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ന്നു.