കാനഡയില്‍ ഏറ്റവും വലിയ തട്ടിപ്പ്: പട്ടികയില്‍ ഹോം ഇംപ്രൂവ്‌മെന്റ് സ്‌കാം മുന്നില്‍: ബെറ്റര്‍ ബിസിനസ് ബ്യൂറോ 

By: 600002 On: Mar 7, 2023, 7:33 AM

കഴിഞ്ഞ വര്‍ഷം 1200 ല്‍ അധികം പേര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ബെറ്റര്‍ ബിസിനസ് ബ്യൂറോ(ബിബിബി). ബിബിബിയുടെ റിപ്പോര്‍ട്ടില്‍ കാനഡയിലെ ഏറ്റവും വലിയ തട്ടിപ്പ് ഹോം ഇംപ്രൂവ്‌മെന്റ് മേഖലകളിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു. വീട് അറ്റകുറ്റപ്പണി നടത്തി തരാമെന്ന് പറഞ്ഞ് അഴിമതി നടത്തുന്നവര്‍ കൂടി വരികയാണെന്നും അധികൃതര്‍ പറയുന്നു. തട്ടിപ്പിലൂടെ ശരാശരി 1,900 ഡോളര്‍ പണം ആളുകള്‍ക്ക് നഷ്ടമായതായി ബിബിബി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓരോ വര്‍ഷം കഴിയുന്തോറും ഹോം ഇംപ്രൂവ്‌മെന്റ് തട്ടിപ്പുകളില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന തട്ടിപ്പാണിത്. വീടു തോറും കയറി ആളുകളുമായി സംസാരിച്ച് അവരുടെ വിശ്വാസം നേടിയെടുത്ത് കുറഞ്ഞ ചെലവില്‍ അറ്റകുറ്റപ്പണികള്‍ നടത്തിതരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യും. എന്നാല്‍ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താതെ പണം തട്ടിയെടുത്ത് മുങ്ങുകയാണ് ഇവരുടെ രീതിയെന്ന് ബിബിബി പറയുന്നു. 

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുകളും അഡ്വാന്‍സ് ഫീ ലോണ്‍ തട്ടിപ്പുകളുമാണ് ഹോം ഇംപ്രൂവ്‌മെന്റ് തട്ടിപ്പുകള്‍ക്ക് പിന്നാലെയുള്ളത്. കഴിഞ്ഞ വര്‍ഷം 5,500 ഡോളര്‍ നഷ്ടമാണ് നിക്ഷേപ തട്ടിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് നഷ്ടമായത്.