മെക്‌സിക്കോയില്‍ നാല് യുഎസ് പൗരന്മാരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി: എഫ്ബിഐ 

By: 600002 On: Mar 7, 2023, 6:55 AM

മരുന്ന് വാങ്ങുന്നതിനായി ടെക്‌സാസില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കടന്ന നാല് യുഎസ് പൗരന്മാരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയതായി എഫ്ബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നോര്‍ത്ത് കരോലിന ലൈസന്‍സ് പ്ലേറ്റുള്ള ഒരു വെളുത്ത മിനിവാനില്‍ ടെക്‌സാസിലെ ബ്രൗണ്‍സ്‌വില്ലെ സ്വദേശികളായ നാല് പേര്‍ വെള്ളിയാഴ്ചയാണ് വടക്കന്‍ മെക്‌സിക്കോ നഗരമായ മാറ്റമോറോസില്‍ എത്തിയതെന്ന് എഫ്ബിഐ പറഞ്ഞു. മെക്‌സിക്കോയില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായെന്നും തോക്കുധാരികളായ അക്രമികള്‍ വാഹനത്തിലുണ്ടായിരുന്നവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്ന സ്ഥലമാണ് മാറ്റമോറോസ്. ഇവിടെ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ ഒരു മെക്‌സിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ സ്ഥിരീകരിച്ചു. മാറ്റമോറോസിലെ അവസ്ഥ മോശമായതിനാല്‍ വെള്ളിയാഴ്ച യുഎസ് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അതേസമയം, തട്ടിക്കൊണ്ടുപോയവരെ തിരിച്ചെത്തിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും എഫ്ബിഐ 50,000 യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.