ചൊവ്വാഴ്ച മധ്യ ഗ്രീസിലെ ലാരിസ നഗരത്തില്‍ പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ കേസ്. നരഹത്യയ്ക്ക് പുറമേ, ശാരീരിക അപകടമുണ്ടാക്കുകയും അപകടകരമായ രീതിയിലുള്ള ഗതാഗത സംവിധാനമൊരുക്കുകയും ചെയ്തത് അടക്കമുള്ള കുറ്റങ്ങളാണ് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ മേല്‍ ചുമത്തിയിട്ടുള്ളത്. ഇരു ട്രെയിനുകള്‍ക്കും ഒരേ ട്രാക്ക് നല്‍കിയതാണ് അപകടത്തിന് കാരണം. എന്നാല്‍ മേഖലയിലെ ഓട്ടോമേറ്റഡ് സിഗ്നലിംഗ് സംവിധാനം പ്രവര്‍ത്തന ക്ഷമം ആയിരുന്നില്ലെന്നും ഇതാവാം സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പിഴവ് സംഭവിക്കാന്‍ കാരണമെന്നും ഗ്രീക്ക് മാധ്യമങ്ങള്‍ നിരീക്ഷിച്ചു. കൌമാരക്കാരും യുവതീ യുവാക്കളുമുള്‍പ്പെടെ 57 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗ്രീസ് പ്രധാനമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.