ചിക്കാഗൊ മേയറിന്റെ പരാജയം ഡമോക്രാറ്റിക് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പാണെന്ന് ന്യൂയോര്‍ക്ക് മേയര്‍

By: 600084 On: Mar 6, 2023, 4:54 PM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോര്‍ക്ക് : വന്‍ ഭൂരിപക്ഷത്തോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ചിക്കാഗോ മേയറും ഡമോക്രാറ്റുമായ ലോറി ലൈറ്റ്ഫുട്ടിന്റെ കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഡമോക്രാററിക് പാര്‍ട്ടിക്കും, രാജ്യത്തിനുമുളഅള മുന്നറിയിപ്പാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറില്‍ ആഡംസ് പറഞ്ഞു.

ഞായറാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ന്യൂയോര്‍ക്ക് മേയര്‍. ലൈറ്റ് ഫുട്ടിന്റെ പരാജയം രാജ്യത്തെ ഡമോക്രാറ്റിക് മേയര്‍മാര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് നേരത്തെ പറഞ്ഞത് പിന്‍വലിച്ചാണ് പുതിയ പ്രസ്താവനയുമായി ന്യൂയോര്‍ക്ക് മേയര്‍ രംഗത്തെത്തിയത്.

പോലീസിങ്ങിനോടും, കുറ്റകൃത്യങ്ങളോടുമുള്ള ഡമോക്രാറ്റിക് മേയര്‍മാരുടെ നിഷേധാത്മക സമീപനത്തോട് വോട്ടര്‍മാര്‍ക്കുള്ള പ്രതികരണമാണ് ലൈറ്റ് ഫുട്ടിന്റെ പരാജയത്തിലൂടെ വെളിവാകുന്നതെന്നും എറില്‍ കൂട്ടിച്ചേര്‍ത്തു.

2020 മുതല്‍ തുടര്‍ച്ചയായി അക്രമങ്ങളും, വെടിവെപ്പുകളും, കൊലപാതകങ്ങളും കുറഞ്ഞിട്ടുണ്ടെങ്കിലും, മോഷണം, കാര്‍ തട്ടിയെടുക്കല്‍, കവര്‍ച്ചകള്‍ എന്നിവ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് 2022ലെ ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വര്‍ഷാവസാന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഡമോക്രാറ്റിക് മേയര്‍മാര്‍ പരാജയപ്പെടുന്നതു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നുവെന്നും മേയര്‍ ചൂണ്ടികാട്ടി.

അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ ഡമോക്രാറ്റിക് പാര്‍ട്ടി മേയര്‍മാര്‍ പരാജയപ്പെടുന്നത് കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയാഞ്ഞതാണ് കാരണമെങ്കില്‍ അമേരിക്ക ഒട്ടാകെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതു നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ തിരിച്ചടി ഡമോക്രാറ്റിക് പാര്‍ട്ടിക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.