ശൈത്യകാലത്ത് നടപ്പാത വൃത്തിയാക്കാത്തതിന് ഏഴോളം കേസുകളില്‍ പിഴ ചുമത്തിയതായി കാല്‍ഗറി സിറ്റി 

By: 600002 On: Mar 6, 2023, 11:51 AM

ഈ ശൈത്യകാലത്ത് കാല്‍ഗറിയില്‍ മഞ്ഞ് നീക്കവുമായി ബന്ധപ്പെട്ട് 16,000ത്തിലധികം പരാതികളാണ് ലഭിച്ചത്. എന്നാല്‍ ആ പരാതികളില്‍ കുറച്ചു പരാതികളില്‍ മാത്രമേ പിഴ ഈടാക്കിയിട്ടുള്ളൂവെന്ന് സിറ്റി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. മഞ്ഞ് നീക്കം ചെയ്യാത്ത നടപ്പാതകള്‍ക്കുള്ള പിഴ ഉള്‍പ്പെടുത്തി 2018ല്‍ മഞ്ഞ് നീക്കം ചെയ്യല്‍ നിയമത്തില്‍ സിറ്റി കൗണ്‍സില്‍ മാറ്റം വരുത്തിയിരുന്നു. മഞ്ഞുവീഴ്ച അവസാനിച്ച് 24 മണിക്കൂറിനുള്ളില്‍ താമസക്കാര്‍ അവരുടെ വീടുകള്‍ക്ക് മുന്നിലുള്ള നടപ്പാത വൃത്തിയാക്കി കോണ്‍ക്രീറ്റ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ 250 ഡോളര്‍ മുതലാണ് പിഴ. ഈ ശൈത്യകാലത്ത് നടപ്പാതകള്‍ വൃത്തിയാക്കാത്തതിന് ഏഴ് കേസുകളിലാണ് പിഴ ഈടാക്കിയിരിക്കുന്നതെന്ന് സിറ്റി അറിയിച്ചു. 

2022 നവംബര്‍ 1 നും ഫെബ്രുവരി 27 നും ഇടയില്‍ മഞ്ഞും ഐസും നിറഞ്ഞ് അത് നീക്കം ചെയ്യുന്നതിനായുള്ള സേവനത്തിനായി 16,175 കോളുകളാണ് സിറ്റിക്ക് ലഭിച്ചതെന്നാണ് കണക്കുകള്‍. ആ സമയത്ത് 6,638 മുന്നറിയിപ്പുകള്‍ രേഖാമൂലം നല്‍കിയിരുന്നുവെങ്കിലും ഏഴോളം പിഴ മാത്രമാണ് ഈടാക്കിയതെന്നും കണക്കില്‍ വ്യക്തമാക്കുന്നു.