പ്രതീക്ഷയുടെ ചിറകിലേറി കാനഡയുടെ ആദ്യ ചാന്ദ്രദൗത്യം: ജലസാന്നിധ്യമറിയാന്‍ റോവര്‍ തയാറെടുക്കുന്നു 

By: 600002 On: Mar 6, 2023, 11:21 AM

കാനഡയുടെ ആദ്യ ചാന്ദ്ര ദൗത്യം 2026 ല്‍ യാഥാര്‍ത്ഥ്യമാവുകയാണ്. രാജ്യത്തിനും കനേഡിയന്‍ സ്‌പേസ് ഏജന്‍സിക്കും അഭിമാന നിമിഷങ്ങള്‍ സമ്മാനിക്കാനുള്ള തയാറെടുപ്പുകളിലാണ് കനേഡിയന്‍ മൂണ്‍ റോവര്‍. ബഹിരാകാശ പര്യവേഷണത്തിന്റെ മുന്‍നിരയില്‍ രാജ്യത്തെ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് ഗവേഷകരും ശാസ്ത്രജ്ഞരും. ആഗോളതലത്തില്‍ ചന്ദ്രനില്‍ നടത്തുന്ന ദൗത്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി മാറുകയാണ് കനേഡിയന്‍ റോവര്‍. 

ചന്ദ്രന്റെ മറുവശത്ത് എന്താണ് എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നും അത് കണ്ടെത്തുക എന്നതാണ് ശാസ്ത്രജ്ഞര്‍മാരുടെ ദൗത്യമെന്നും കനേഡിയന്‍ ലൂണാര്‍ റോവര്‍ മിഷന്റെ പ്രധാന അന്വേഷകന്‍ ഗോര്‍ഡന്‍ ഒസിന്‍സ്‌കി പറയുന്നു. 

അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള ഗവേഷകരും ഒസിന്‍സ്‌കിയുടെ കനേഡിയന്‍ ടീമിലുണ്ട്. 30 കിലോഗ്രാമോളം വരുന്ന റോവര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തേക്ക് അയക്കാനുള്ള തയാറെടുപ്പിലാണ്. പ്രിസര്‍വ്ഡ് ഫ്രോസണ്‍ ജലം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ഏതാനും മീറ്ററുകള്‍ താഴെ മണ്ണില്‍ കലര്‍ന്നിരിക്കുന്നുവെന്നാണ് കരുതുന്നത്. ഇത് കണ്ടെത്തുക എന്നതാണ് റോവറിന്റെ ലക്ഷ്യം.