സറേയില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 17.5 ശതമാനമായി വര്‍ധിപ്പിക്കും; പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യും 

By: 600002 On: Mar 6, 2023, 10:32 AM


പ്രോപ്പര്‍ട്ടി ടാക്‌സ് 17.5 ശതമാനമായി വര്‍ധിപ്പിക്കാന്‍ സറേ സിറ്റി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. എന്നാല്‍ സിറ്റി കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുന്ന പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ. തിങ്കളാഴ്ച കരട് പഞ്ചവത്സര സാമ്പത്തിക പദ്ധതിയുടെ അവലോകനത്തിനായി സിറ്റി ഓഫ് സറേയുടെ ധനകാര്യ സമിതി ഒരു പൊതുയോഗം നടത്തുന്നുണ്ട്. നിര്‍ദ്ദിഷ്ട നികുതി വര്‍ധനയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സിറ്റി കൗണ്‍സിലിന്റെ ബജറ്റ് സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കൗണ്‍സിലര്‍ ലിന്‍ഡ ആനിസ് പറഞ്ഞു. 

നികുതി വര്‍ധനയുടെ 9.5 ശതമാനം പോലീസിലെ കുറവ് നികത്താനാണ്. ഏഴ് ശതമാനം ജനറല്‍ ടാക്‌സ് വര്‍ധന പോലീസ്, അഗ്നിശമന സേന, ബൈലോ സേവനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ഫണ്ട് നല്‍കും. നഗരത്തിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയും റോഡുകള്‍ക്കും ട്രാഫിക് ലെവിക്കുമായി ഒരു ശതമാനം വര്‍ധനവും ഈ ടാക്‌സ് വര്‍ധനയില്‍ ഉള്‍പ്പെടുന്നു. 

അതേസമയം, നിര്‍ദ്ദിഷ്ട നികുതി വര്‍ധന ജനങ്ങള്‍ക്ക് മാത്രമല്ല, ബിസിനസ് സംരംഭങ്ങളെയും സാരമായി ബാധിക്കുമെന്ന് സറേ ബോര്‍ഡ് ഓഫ് ട്രേഡ് സിഇഒ അനിത ഹുബര്‍മാന്‍ പറയുന്നു.